ഡൽഹി: രാജ്യത്ത് നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെ ടെലഗ്രാമിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തിയതായാണ് റിപ്പോർട്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളും തട്ടിപ്പുകളും തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.
ഇതിനൊപ്പം, ടെലഗ്രാമിലെ സന്ദേശങ്ങൾ തിരുത്താനുള്ള (Edit Message) സൗകര്യവും ഇന്ത്യയിൽ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപ്പനയ്ക്ക് ലഭ്യമാണെന്ന തരത്തിൽ സമൂഹികമാധ്യമങ്ങളിലും ടെലഗ്രാം ഗ്രൂപ്പുകളിലും വ്യാപക പ്രചാരണം നടന്നതിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

‘NEET Paper Leak’ ഉൾപ്പെടെയുള്ള പേരുകളിൽ പ്രവർത്തിച്ചിരുന്ന നിരവധി ചാനലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പരീക്ഷാ ചോദ്യപേപ്പർ മുൻകൂട്ടി ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങൾ പൂർണമായും തട്ടിപ്പാണെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) വ്യക്തമാക്കി.
സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചോദ്യപേപ്പർ ചോർച്ചാ സന്ദേശങ്ങളും അവകാശവാദങ്ങളും വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗവും സ്ഥിരീകരിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം പരിശോധിക്കണമെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ വിദ്യാർഥികളോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു.
പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷാ നടത്തിപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
