എഡ്മിന്റൻ: കാനഡയിലെ ആൽബർട്ട പ്രവിശ്യാ സർക്കാരും ആൽബർട്ട ഫാർമസിസ്റ്റ് അസോസിയേഷനും (RxA) തമ്മിൽ പുതിയ മൂന്ന് വർഷത്തെ ഫണ്ടിംഗ് കരാർ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി പ്രിസ്ക്രിപ്ഷൻ മരുന്നുകൾ നൽകുന്നതിനുള്ള ഫീസ് (dispensing fee) ആദ്യമായി ഒരു ദശാബ്ദത്തിനുശേഷം വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ കരാറിന്റെ ഭാഗമായി ഫാർമസിസ്റ്റുകളുടെ പ്രതിഫലത്തിൽ ഓരോ വർഷവും 3 ശതമാനം വർധനയും ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ജസ്റ്റിൻ റൈറ്റ് പറഞ്ഞു . കൂടാതെ മൂന്നാം വർഷത്തിൽ കരാറിന്റെ ഫലപ്രാപ്തി വിലയിരുത്തി നിരക്ക് പുനപരിശോധന നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.

പുതിയ വ്യവസ്ഥപ്രകാരം, 84 ദിവസത്തിൽ താഴെ കാലാവധിയുള്ള പ്രിസ്ക്രിപ്ഷനുകൾക്ക് മരുന്ന് നൽകുന്നതിനുള്ള പരമാവധി ഫീസ് $12.15ൽ നിന്ന് $12.35 ആയി ഉയരും. 84 ദിവസത്തിൽ കൂടുതലുള്ള പ്രിസ്ക്രിപ്ഷനുകൾക്ക് ഫീസ് $13.50 ആയി ഉയരും, മുൻപ് ഇത് $12.15 ആയിരുന്നു.കൂടാതെ ഫാർമസിസ്റ്റുകൾ നൽകുന്ന ക്ലിനിക്കൽ സേവനങ്ങൾ—വാക്സിനേഷൻ, മരുന്ന് പുതുക്കൽ, ക്രോണിക് രോഗികൾക്കുള്ള മരുന്ന് പരിശോധന എന്നിവയ്ക്ക് സർക്കാർ നൽകുന്ന ബില്ലിംഗിന് പ്രതിമാസം $13,000 പരിധി നിശ്ചയിച്ചിട്ടുണ്ട്.
ആരോഗ്യ സേവനങ്ങളുടെ ചെലവ് നിയന്ത്രിക്കുമ്പോഴും ഫാർമസിസ്റ്റുകളുടെ സേവനത്തിന് നീതിയുള്ള പ്രതിഫലം ഉറപ്പാക്കുകയാണ് പുതിയ കരാറിന്റെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. മരുന്ന് ചെലവിൽ ചെറിയ വർധനവ് ഉണ്ടാകാമെങ്കിലും അത് പരിധിയിലുള്ളതായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
