ഹാലിഫാക്സ്: നോവസ്കോഷയിലെ ഗ്രീൻഫീൽഡിൽ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. പെക്ക് മെഡോ റോഡിലെ (Peck Meadow Road) ഒരു വീടിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 11-നാണ് വീടിന് പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് അന്വേഷണം ആർസിഎംപിയുടെ സൗത്ത് വെസ്റ്റ് നോവാ മേജർ ക്രൈം യൂണിറ്റിന് കൈമാറുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് കുറ്റം ചുമത്താതെ വിട്ടയച്ചു. തുടർന്ന് നോവസ്കോഷ മെഡിക്കൽ എക്സാമിനർ സർവീസ് നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് വിവരമുള്ളവർ ആർസിഎംപിയുടെ സൗത്ത് വെസ്റ്റ് നോവാ മേജർ ക്രൈം യൂണിറ്റുമായി(902-365-3120) ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർഥിച്ചു. രഹസ്യമായി വിവരങ്ങൾ കൈമാറാൻ ക്രൈം സ്റ്റോപ്പേഴ്സ് സേവനവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
