തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനായ കുഞ്ഞ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ (Suo Motu) കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് വിഷയം അടിയന്തരമായി പരിഗണിച്ചുകൊണ്ട് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനെ കോടതി കക്ഷിചേര്‍ത്തു. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
കുഞ്ഞിന്റെ ജീവന് അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുത്തശ്ശി റീന ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടും അധികൃതര്‍ എന്തുകൊണ്ട് സമയബന്ധിതമായി ഇടപെട്ടില്ലെന്നും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ചോദിച്ചു. പരാതി ലഭിച്ചിട്ടും അത് കുടുംബപരമായ മറ്റെന്തോ പ്രശ്നമാണെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ശ്രമിച്ചതെന്ന് ഓഡിയോ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. പരാതിയില്‍ യാതൊരുവിധ തുടനടപടികളും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

തന്റെ മകളുടെ ഭര്‍ത്താവായ അഷ്കര്‍ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന സംശയമാണ് മുത്തശ്ശി റീന ഫോണ്‍ സംഭാഷണത്തില്‍ പങ്കുവെച്ചത്. മകന്റെ ഭാര്യ അയച്ചുതന്ന കുഞ്ഞിന്റെ പരിക്കേറ്റ ചിത്രം മകള്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത് കണ്ടാണ് താന്‍ വിവരമറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. കുഞ്ഞ് സൈക്കിളില്‍ നിന്ന് വീണതാണെന്നാണ് അവര്‍ പറയുന്നതെങ്കിലും ശരീരത്തില്‍ മറ്റ് ഭാഗങ്ങളില്‍ വീഴ്ചയുടെ ലക്ഷണങ്ങളോ മുറിവുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ വിവരങ്ങള്‍ കൈമാറിയിട്ടും ‘എന്തിനാണ് കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, നിങ്ങള്‍ക്ക് ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ’ എന്ന ചോദ്യമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന് തിരിച്ചു ചോദിച്ചത്.
താന്‍ ജോലിക്ക് പോകുന്ന സമയത്ത് 72 വയസ്സുള്ള പ്രായമായ അമ്മയ്ക്ക് കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് മകള്‍ അഖിലയെ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് റീന ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ വീട്ടിലായിരുന്നപ്പോള്‍ കുഞ്ഞ് അതീവ സന്തോഷവാനായിരുന്നു. എന്നാല്‍ അഷ്കറിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ വഴക്കും ചീത്തവിളിയും സഹിക്കവയ്യാതെയാണ് ഒടുവില്‍ കുഞ്ഞിനെ മകളുടെ കൈകളില്‍ ഏല്‍പ്പിക്കേണ്ടി വന്നതെന്നും അവര്‍ സങ്കടത്തോടെ പറയുന്നു.
