Monday, June 22, 2026

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍; നയപ്രഖ്യാപനത്തില്‍ നിര്‍ണായക പ്രസ്താവന

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പുതിയ ഡാം നിര്‍മാണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടില്‍ പുതുതായി അധികാരമേറ്റ നടന്‍ വിജയ്യുടെ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിനെതിരെ കര്‍ശന നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകുമെന്നും, പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും തടയുമെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തിലൂടെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന അന്തര്‍സംസ്ഥാന നദീജല വിഷയങ്ങളില്‍ മുന്‍പുണ്ടായിരുന്ന ദ്രാവിഡ പാര്‍ട്ടികളുടെ അതേ കര്‍ശന നിലപാട് തന്നെയാണ് പുതിയ സര്‍ക്കാരിനുമെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രഖ്യാപനം.

നിയമസഭയിലെ പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗവര്‍ണര്‍ ആരംഭിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ ഭരണകക്ഷിയായ ഡി.എം.കെ (DMK) സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് ഒഴുക്ക് തടയുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും, തമിഴ്നാട്ടില്‍ നിലവില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ പ്രധാന കാരണം ഈ ലഹരിയൊഴുക്കാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. തമിഴ്നാടിന്റെ പരമ്പരാഗത നിലപാടായ ദ്വിഭാഷാ നയം (തമിഴും ഇംഗ്ലീഷും) തന്നെ സംസ്ഥാനത്ത് തുടരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (TVK) ജാതിക്കും മതത്തിനും പണത്തിനും അതീതമായ ജനകീയ പാര്‍ട്ടിയാണെന്നും പെരിയാര്‍, അണ്ണാദുരൈ, ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ ആദര്‍ശങ്ങളിലാണ് സര്‍ക്കാര്‍ അധിഷ്ഠിതമായിരിക്കുന്നതെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളും തമിഴ്നാട് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ചു. ത്രിഭാഷാ നയം നടപ്പിലാക്കുന്നതുമായി കേന്ദ്ര ഫണ്ട് വിതരണത്തെ ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നിലപാട് വിജയ് സര്‍ക്കാര്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. സഭയിലെ മുന്‍കാല കീഴ്വഴക്കങ്ങള്‍ പൂര്‍ണ്ണമായി പിന്തുടര്‍ന്നാണ് പുതിയ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചു. തുടര്‍ന്ന് സമ്മേളനത്തിനൊടുവില്‍ ദേശീയഗാനവും ആലപിച്ചുവെങ്കിലും, വന്ദേമാതരം ആലപിച്ചില്ല എന്നതും ശ്രദ്ധേയമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!