എഡ്മിന്റണ്‍: ആല്‍ബര്‍ട്ടയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ പുതിയ പ്രഖ്യാപനം. അര്‍ഹരായ ആല്‍ബര്‍ട്ട നിവാസികള്‍ക്ക് 100 ഡോളര്‍ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും.
ഇന്ധന നികുതി കുറയ്ക്കുന്നതിന് പകരമായാണ് സര്‍ക്കാര്‍ ഈ ആശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന നികുതി കുറച്ചാല്‍ അതിന്റെ പൂര്‍ണ്ണ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണമെന്നില്ലെന്നും, അതുകൊണ്ട് തന്നെ നേരിട്ട് പണം അക്കൗണ്ടിലെത്തിക്കുന്നതാണ് ജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി.

അമേരിക്ക-ഇറാന് സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇത് ആല്‍ബര്‍ട്ടയുടെ ഊര്‍ജ്ജ റോയല്‍റ്റി വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കാന്‍ കാരണമായി. ഈ അധിക വരുമാനം ഉപയോഗിച്ചാണ് പ്രവിശ്യാ സര്‍ക്കാരിന്റെ ത്രൈമാസ ആശ്വാസ പദ്ധതി (quarterly relief program) നടപ്പിലാക്കുന്നത്.
വര്‍ഷത്തില്‍ 2,25,000 ഡോളറോ അതില്‍ താഴെയോ കുടുംബ വരുമാനമുള്ള 34 ലക്ഷത്തോളം ആല്‍ബര്‍ട്ട നിവാസികള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. ജൂലൈ 1 മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചു തുടങ്ങാം. അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിച്ച് ബാങ്ക് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ടാഴ്ചത്തെ സമയമെടുക്കുമെന്ന് ധനമന്ത്രി ജേസണ്‍ നിക്സന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
