ഓട്ടവ: കാനഡയില്‍ ആരോഗ്യ മന്ത്രാലയവും ശാസ്ത്രജ്ഞരും അപകടകരമെന്ന് കണ്ടെത്തി നിരോധിച്ച കീടനാശിനികള്‍ പോലും ഉപയോഗിക്കാന്‍ കേന്ദ്ര കാബിനറ്റിന് നേരിട്ട് അനുമതി നല്‍കുന്ന പുതിയ വിവാദ നിയമം പാര്‍ലമെന്റ് പാസാക്കി. പാര്‍ലമെന്റിന്റെ വേനല്‍ക്കാല അവധിക്കാലത്തിന് തൊട്ടുമുമ്പ് വ്യാഴാഴ്ച ഇരുസഭകളും പാസാക്കിയ ‘ബില്‍ C-30’ (Bill C-30) എന്ന സാമ്പത്തിക ഒമ്‌നിബസ് ബില്ലിലാണ് രാജ്യം കണ്ട ഏറ്റവും വലിയ കീടനാശിനി നിയമപരിഷ്‌കാരം ഒളിച്ചുകടത്തിയത്.
പുതിയ നിയമപ്രകാരം, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയോ ഭക്ഷ്യസുരക്ഷയോ മുന്‍നിര്‍ത്തി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയ്ക്ക് ഏത് കീടനാശിനിയുടെ ഉപയോഗവും നേരിട്ട് അനുവദിക്കാനുള്ള വിവേചനാധികാരം ലഭിക്കും. ഇതിനായി ‘ഭക്ഷ്യസുരക്ഷ’ എന്ന മാനദണ്ഡം എന്താണെന്ന് നിയമത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുമില്ല. കൂടാതെ, രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഗുരുതരമായ കീടബാധകള്‍ തടയാന്‍ എന്ന പേരില്‍, ആരോഗ്യ മന്ത്രാലയം നേരത്തെ തള്ളിക്കളഞ്ഞ മാരക കീടനാശിനികള്‍ക്ക് പോലും ആറ് വര്‍ഷം വരെ ഉപയോഗാനുമതി നല്‍കാന്‍ കാബിനറ്റിന് സാധിക്കും.

ഈ നീക്കത്തിനെതിരെ കാനഡയിലെ 13 സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ദ്ധ ശാസ്ത്രജ്ഞരും പരിസ്ഥിതി-ആരോഗ്യ സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബില്ലിന്മേല്‍ കൃത്യമായ പാര്‍ലമെന്ററി ചര്‍ച്ചകളോ ശാസ്ത്രജ്ഞരുടെ വാദങ്ങളോ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേ ഈ നിയമത്തെ വിശേഷിപ്പിച്ചത് ‘താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ജനവിരുദ്ധവും പിന്നോട്ടടിക്കുന്നതുമായ നിയമം’ എന്നാണ്.
എന്നാല്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭക്ഷണച്ചെലവ് കുറയ്ക്കാനും കാര്‍ഷിക വിളവെടുപ്പ് ഉറപ്പാക്കാനുമാണ് ഈ ഭേദഗതിയെന്നാണ് ആരോഗ്യ മന്ത്രി മാര്‍ജോറി മിഷേലിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. അടിയന്തിര ഘട്ടങ്ങളില്‍ വളരെ സുതാര്യമായി മാത്രമേ ഈ അധികാരം ഉപയോഗിക്കൂ എന്നും അവര്‍ വ്യക്തമാക്കി. അതേസമയം, കീടനാശിനി കമ്പനികളുടെ പ്രധാന ലോബി സംഘടനയായ ‘ക്രോപ്ലൈഫ് കാനഡ’യുമായി (CropLife Canada) ആരോഗ്യ മന്ത്രിയും ഉദ്യോഗസ്ഥരും അടുത്ത മാസങ്ങളില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ നിയമത്തെ സ്വാഗതം ചെയ്ത കീടനാശിനി വ്യവസായ ഗ്രൂപ്പുകള്‍, ഇത് കനേഡിയന്‍ കര്‍ഷകരെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരസജ്ജരാക്കുമെന്ന് അവകാശപ്പെട്ടു.
