തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) റോഡ് നികുതി ഘടനയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുറച്ചപ്പോൾ, ഉയർന്ന വിലയുള്ള ആഡംബര ഇവികൾക്ക് നികുതി വർധിപ്പിച്ചാണ് പുതിയ പരിഷ്കാരം.
പുതിയ തീരുമാനപ്രകാരം, 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ 5 ശതമാനം റോഡ് നികുതി 3 ശതമാനമായി കുറച്ചു. സാധാരണ ഉപഭോക്താക്കളെയും മധ്യവർഗ്ഗ കുടുംബങ്ങളെയും ലക്ഷ്യമിട്ട് ഇവികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 8 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും.

40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഉയർന്ന വിലയുള്ള വാഹനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം സമാഹരിച്ച് താഴ്ന്ന വിലയിലുള്ള ഇവികൾക്ക് ഇളവ് നൽകുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാർക്ക് നികുതി ഇളവ് ലഭിക്കുന്ന വാഹനങ്ങളുടെ മൂല്യപരിധിയും നിലവിലെ 7 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ പേർക്ക് ഇളവ് ലഭ്യമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
