കൊച്ചി: താരസംഘടനയായ അമ്മയിലെ രൂക്ഷമായ തര്‍ക്കത്തിന് പിന്നാലെ രമേശ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുമെന്ന് ബാബുരാജ്. നാല് മാസത്തേക്കാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നത്. കെ. ബി ഗണേഷ്‌കുമാറും അഡ്‌ഹോക്ക് കമ്മിറ്റിയിലുണ്ടാകുമെന്നും 67 ലക്ഷം രൂപയുടെ കണക്ക് അവതരിപ്പിക്കാന്‍ ശ്വേതയുടെ കമ്മിറ്റിക്ക് സാധിച്ചില്ലെന്നും യോഗത്തില്‍ അംഗങ്ങളെല്ലാം അന്‍സിബയ്ക്ക് ഒപ്പമായിരുന്നുവെന്നും ബാബുരാജ് വ്യക്തമാക്കി.
നേരത്തെ ബാബുരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റിക്കാണ് വീഴ്ചപറ്റിയതെന്ന് ശ്വേതാ പറഞ്ഞിരുന്നു. ഇതുവരെ പരസ്പരം തമ്മിലടിച്ചിരുന്ന ശ്വേതയും കുക്കു പരമേശ്വരനും ജനറല്‍ ബോഡിയില്‍ ഒറ്റക്കെട്ടായി നിന്നുവെന്നും ബാബുരാജ് പറഞ്ഞു. ‘അമ്മ’യില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ പരാതികള്‍ ഉയര്‍ന്നത് ശ്വേതയുടെ കാലത്താണെന്നും സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ അവര്‍ ‘സ്ത്രീ കാര്‍ഡ്’ ഇറക്കി കളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി ഇന്ന് രാജിവെച്ചിരുന്നു. മുന്‍ ഭരണസമിതിക്കെതിരെയും ഭാരവാഹികള്‍ക്കെതിരെയും ഗുരുതര സാമ്പത്തിക-ഭരണപരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ശ്വേത മേനോന്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചത്. കൃത്യമായ അജണ്ട വെച്ചാണ് നിലവിലെ ഭരണസമിതിയെ രാജിവെപ്പിച്ചതെന്നും, മറ്റൊരാളുടെ പാവയായി നിന്ന് സംഘടനയെ നയിക്കാന്‍ താന്‍ തയ്യാറല്ലെന്നും ശ്വേത തുറന്നടിക്കുകയുണ്ടായി. സംഘടനയുടെ സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ ശ്വേത മേനോന്‍ പൂര്‍ണമായി തള്ളുകയും ചെയ്തു. താന്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കണക്കുകള്‍ തികച്ചും കൃത്യമാണെന്ന് അവര്‍ അവകാശപ്പെട്ടു.
