Sunday, June 21, 2026

ആല്‍ബര്‍ട്ടയ്ക്ക് യുഎസ് നികുതിയിളവ്;കാനഡയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ വിഘടനവാദികള്‍

കാല്‍ഗറി: കാനഡയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ആല്‍ബര്‍ട്ടയില്‍ വരാനിരിക്കുന്ന പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമോ എന്ന ആശങ്ക ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത വ്യാപാര നികുതികള്‍ കാനഡയിലെ മറ്റ് പ്രവിശ്യകളുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചപ്പോള്‍, ആല്‍ബര്‍ട്ടയെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ആല്‍ബര്‍ട്ടയുടെ പ്രധാന വരുമാന സ്രോതസ്സുകളായ എണ്ണ-വാതക മേഖലകളെയും കാര്‍ഷിക ഉത്പന്നങ്ങളെയും ഈ നികുതികളില്‍ നിന്ന് അമേരിക്ക പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. ആര്‍.ബി.സി ഇക്കണോമിക്സിന്റെ കണക്കുകള്‍ പ്രകാരം ആല്‍ബര്‍ട്ട നല്‍കുന്ന നികുതി നിരക്ക് പൂജ്യത്തിനടുത്താണ്. എന്നാല്‍ ഒന്റാരിയോ ആല്‍ബര്‍ട്ടയേക്കാള്‍ 18 മടങ്ങും, കെബെക്ക് 23 മടങ്ങും അധികം നികുതിയാണ് യു.എസിന് നല്‍കേണ്ടി വരുന്നത്.

കെബെക്കിലെ അലുമിനിയം, ഒന്റാരിയോയിലെ സ്റ്റീല്‍-ഓട്ടോമൊബൈല്‍, ബ്രിട്ടിഷ് കൊളംബിയയിലെ മരം എന്നീ വ്യവസായങ്ങള്‍ യു.എസ് നികുതി കാരണം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ കാനഡയെന്ന ഫെഡറേഷനെതിരെ ജനവികാരം തിരിച്ചുവിടാന്‍ ആല്‍ബര്‍ട്ടയിലെ വിഘടനവാദികള്‍ക്ക് ഇത് അനുകൂല സാഹചര്യമൊരുക്കുന്നു. അമേരിക്കയ്ക്കെതിരെ പോരാടുന്നതിന് പകരം, കാനഡയുടെ ആഭ്യന്തര നയങ്ങള്‍ക്കെതിരെ അല്‍ബര്‍ട്ടയിലെ ജനങ്ങളുടെ അതൃപ്തി തിരിച്ചുവിടാന്‍ വിഘടനവാദികള്‍ക്ക് സാധിക്കുന്നുണ്ട്. ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് യു.എസ് നയങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് ജനങ്ങളോട് ആവര്‍ത്തിക്കുമ്പോഴും, കനേഡിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ നയങ്ങളെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്.

കാനഡയില്‍ നിലനില്‍ക്കുന്ന യു.എസ് വിരുദ്ധ വികാരം ആല്‍ബര്‍ട്ടയിലെ ജനങ്ങള്‍ക്കിടയില്‍ പ്രകടമല്ല. 2025 ജൂണില്‍ യു.എസ് മദ്യ വില്പനയ്ക്കുള്ള നിരോധനം ആല്‍ബര്‍ട്ട നീക്കിയിരുന്നു. കൂടാതെ, മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള യുഎസ് യാത്രകള്‍ 30 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളം വഴി അമേരിക്കയിലേക്ക് പോകുന്ന കാനഡക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് (8.2%) മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി, പ്രമുഖ വിഘടനവാദി നേതാവ് ജെഫ്രി റാത്തിനെപ്പോലെയുള്ളവര്‍ ഒരേസമയം ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തുകയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ആല്‍ബര്‍ട്ടയിലെ വിഘടനവാദത്തിന് ആക്കം കൂട്ടുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!