Sunday, June 21, 2026

വന്‍കൂവര്‍ പാര്‍ക്കില്‍ അമേരിക്കന്‍ ബുള്‍ഫ്രോഗുകള്‍ വര്‍ധിക്കുന്നു; നിയന്ത്രണ പദ്ധതിയില്ലാതെ അധികൃതര്‍

ബ്രിട്ടിഷ് കൊളംബിയ: വന്‍കൂവര്‍ സ്റ്റാന്‍ലി പാര്‍ക്കില്‍ അധിനിവേശ ജീവിയായ ‘അമേരിക്കന്‍ ബുള്‍ഫ്രോഗുകള്‍’ വന്‍ ഭീഷണിയാകുന്നു. ഡിന്നര്‍ പ്ലേറ്റിന്റെ വലുപ്പമുള്ള ഈ ഭീമന്‍ തവളകളും ബേസ്‌ബോളിന്റെ വലുപ്പമുള്ള ഇവയുടെ വാല്‍മാക്രികളും പാര്‍ക്കിലെ ബീവര്‍ തടാകത്തില്‍ വ്യാപകമായി പെരുകുകയാണ്. എന്നാല്‍ ഇവയെ നിയന്ത്രിക്കാന്‍ വന്‍കൂവര്‍ പാര്‍ക്ക് ബോര്‍ഡിന്റെ പക്കല്‍ നിലവില്‍ കൃത്യമായ പദ്ധതികളൊന്നുമില്ല എന്നതും ആശങ്കയാകുന്നു.

വായില്‍ കൊള്ളുന്ന എന്തും വിഴുങ്ങുന്ന സ്വഭാവമാണ് ഈ ബുള്‍ഫ്രോഗുകള്‍ക്കുള്ളതെന്ന് ഇന്‍വേസീവ് സ്പീഷീസ് കൗണ്‍സില്‍ ഓഫ് ബി.സി (ISCBC) വ്യക്തമാക്കുന്നു. മറ്റ് തവളകള്‍, കുഞ്ഞു ആമകള്‍, അരണകള്‍, എലികള്‍, കീടങ്ങള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍ എന്നിവയെല്ലാം ഇവ ആഹാരമാക്കുന്നുണ്ട്. വലിപ്പക്കൂടുതല്‍ കാരണം ഇവയ്ക്ക് പ്രകൃതിദത്തമായ വേട്ടക്കാര്‍ കുറവാണ്. വല്ലപ്പോഴും എത്തുന്ന കൊറ്റികള്‍ (Great Blue Herons) മാത്രമാണ് ഇവയെ പിടികൂടുന്നത്. മനുഷ്യര്‍ക്ക് ഇവ നേരിട്ട് ഭീഷണിയല്ലെങ്കിലും തദ്ദേശീയമായ ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുന്നു.1930കളില്‍ തവളക്കാലുകളുടെ ഇറച്ചി വിപണനം ലക്ഷ്യമിട്ടാണ് ഇവയെ വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഖലകളില്‍ നിന്ന് ബ്രിട്ടിഷ് കൊളംബിയയിലേക്ക് ഇറക്കുമതി ചെയ്തത്. പിന്നീട് ഇവ വന്യമായി വളരുകയായിരുന്നു.

നിലവില്‍ ലോവര്‍ മെയിന്‍ലാന്‍ഡ്, വന്‍കൂവര്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്നു.ഇവയെ പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായതിനാല്‍ അസാധ്യമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എങ്കിലും മുട്ടകള്‍ നശിപ്പിച്ചും വാല്‍മാക്രികളെ കെണിയിലാക്കിയും ഒരു പരിധി വരെ ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിക്കും. സ്റ്റാന്‍ലി പാര്‍ക്ക് ഇക്കോളജി സൊസൈറ്റി നിലവില്‍ അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്യുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൃഗങ്ങളെ നിയന്ത്രിക്കുന്നത് സങ്കീര്‍ണ്ണമായതിനാല്‍ ഇത് പാര്‍ക്ക് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!