Monday, June 22, 2026

കനത്ത മഴ: എഡ്മിന്റണില്‍ മലിനജല സംവിധാനം താറുമാര്‍; ജലഉപഭോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം

എഡ്മിന്റണ്‍: കനത്ത മഴയെത്തുടര്‍ന്ന ആല്‍ബര്‍ട്ട പ്രവിശ്യയില്‍ മലിനജല നിര്‍മാര്‍ജന സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിറഞ്ഞുകവിഞ്ഞതോടെ, അത്യാവശ്യമല്ലാത്ത ഇന്‍ഡോര്‍ ജലഉപഭോഗം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് എഡ്മിന്റണ്‍ നഗരസഭയും സമീപ പ്രദേശങ്ങളിലെ മുന്‍സിപ്പാലിറ്റികളും ജനങ്ങളോട് കര്‍ശനമായി ആവശ്യപ്പെട്ടു.

എഡ്മിന്റണിന് പുറമെ സമീപ നഗരങ്ങളായ ബോമണ്ട്, സെന്റ് ആല്‍ബര്‍ട്ട്, ലെഡ്യൂക് കൗണ്ടി എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും, ടോയ്ലറ്റുകളില്‍ അനാവശ്യമായി ഫ്‌ളഷ് ചെയ്യരുതെന്നും, വാഷിങ് മെഷീനുകളും ഡിഷ്വാഷറുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും അധികൃതര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.

മലിനജല സംവിധാനങ്ങള്‍ താങ്ങാനാവാത്ത വിധം നിറഞ്ഞുകവിഞ്ഞാല്‍ വീടുകളിലേക്ക് മലിനജലം അടിച്ചുകയറാനും വെള്ളപ്പൊക്കം രൂക്ഷമാകാനും സാധ്യതയുണ്ടെന്ന് ബോമണ്ട് നഗരസഭ തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. പലയിടങ്ങളിലും ഇതിനകം തന്നെ വെളളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എഡ്മിന്റണ്‍ മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഞായറാഴ്ച രാവിലെ മാത്രം 50 മുതല്‍ 75 മില്ലിമീറ്റര്‍ വരെ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കനത്ത ജലസമ്മര്‍ദ്ദം മൂലം റോഡുകളിലെ മാന്‍ഹോളുകളുടെ മൂടികള്‍ തെന്നിമാറാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്കമുള്ള കവലകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ മോറിന്‍വില്‍, വെസ്റ്റ്ലോക്ക്, ബാര്‌ഹെഡ്, സ്റ്റോണി പ്ലെയിന്‍ തുടങ്ങിയ നഗരങ്ങളും സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലക് സ്റ്റെ. ആന്‍ കൗണ്ടി, ബീവര്‍ കൗണ്ടി എന്നിവിടങ്ങളില്‍ റോഡുകളെ ബാധിക്കുന്ന തരത്തില്‍ വലിയ തോതിലുള്ള വെള്ളപ്പൊപ്പ സാധ്യതയുള്ളതിനാല്‍ നിലവില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ആല്‍ബര്‍ട്ടയില്‍ കൂടുതല്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ചയോടെ പെയ്തു തീരുന്ന മഴയില്‍ 75 മുതല്‍ 150 മില്ലിമീറ്റര്‍ വരെ ജലപാതമുണ്ടായേക്കാമെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന എക്കാലത്തെയും വലിയ റെക്കോര്‍ഡ് മഴയായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ കൈല്‍ ബ്രിട്ടന്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മണ്ണ് കൂടുതല്‍ ജലം ആഗിരണം ചെയ്യാന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണെന്നും, ഇത് പ്രളയസാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!