Wednesday, June 24, 2026

യു.എസ്–ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു; സമാധാന ചർച്ചകൾ ശക്തമാകുന്നു

വാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ സമാധാന കരാറിനായുള്ള രഹസ്യ ചർച്ചകൾ ശക്തമാകുന്നതായി ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സൈനികമായി ഈ യുദ്ധം ഒരു അവസാനമില്ലാത്ത അവസ്ഥയിലാണെന്നും ആക്രമണങ്ങളിലൂടെ അമേരിക്കയ്ക്ക് ലക്ഷ്യങ്ങൾ നേടാനായില്ലെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഇറാൻ ഉടൻ സമാധാന കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകൾ ലഭിച്ചെങ്കിലും അമേരിക്കൻ അധികൃതർ പുതിയ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ലെബനനും ഇറാനും ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അടുത്ത ദിവസങ്ങളിൽ വെടിനിർത്തൽ ദുർബലമായതോടെ ഇരുവശവും തിരിച്ചടികൾ തുടരുകയായിരുന്നു. ഇറാൻ 18 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ മേഖലകളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.

ബഹ്റൈനിൽ ഇറാനിയൻ ഡ്രോണുകൾ തകർത്ത അവശിഷ്ടങ്ങൾ വീണ് 11 വയസുകാരിക്ക് പരിക്കേറ്റതായും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. കുവൈത്ത് താൽക്കാലികമായി വ്യോമപാത അടച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ തിരികെ ലഭിക്കുന്നതും ഉപരോധങ്ങൾ നീക്കുന്നതുമാണ് ടെഹ്റാന്റെ പ്രധാന ആവശ്യങ്ങൾ. ഏകദേശം 6 മുതൽ 12 ബില്യൺ ഡോളർ വരെ ഫണ്ട് ലഭിക്കണമെന്നാണ് ഇറാന്റെ ആവശ്യമെന്നാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ മനുഷ്യാവശ്യങ്ങൾക്കായി ഘട്ടം ഘട്ടമായി മാത്രം ഫണ്ട് അനുവദിക്കാമെന്നാണ് അമേരിക്കയുടെ നിലപാട്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ആണവ പദ്ധതിയും സംബന്ധിച്ച ഉറപ്പുകളാണ് അമേരിക്ക മുന്നോട്ട് വയ്ക്കുന്നത്. ഇറാൻ ആണവായുധ ലക്ഷ്യമില്ലെന്ന് ആവർത്തിച്ച് നിഷേധിക്കുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെങ്കിലും കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാനിലെ വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം തുടരുന്നതിനിടെ ലോകം ഉറ്റുനോക്കുന്നത് യുദ്ധത്തിലേക്കോ സമാധാന കരാറിലേക്കോ നീങ്ങുന്ന മധ്യപൂർവ്വേഷ്യൻ പ്രതിസന്ധിയുടെ അടുത്ത നീക്കമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!