മസ്കറ്റ്: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാൻ താൽക്കാലിക സമുദ്ര ഇടനാഴി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായി (IMO) സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
പുതിയ ഇടനാഴി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കപ്പലുകൾ ഐഎംഒയുമായി മുൻകൂട്ടി ബന്ധപ്പെടുകയും സംഘടനയും ഒമാൻ അധികൃതരും സംയുക്തമായി പുറപ്പെടുവിക്കുന്ന നാവിഗേഷൻ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടിക്കും അനുസൃതമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്ക് ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഈ മേഖലയിലെ സുരക്ഷാ വെല്ലുവിളികളും പ്രാദേശിക സംഘർഷ സാധ്യതകളും പരിഗണിച്ചാണ് കപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഉറപ്പാക്കാൻ ഒമാൻ ഈ നടപടിയുമായി മുന്നോട്ടുവന്നത്.അന്താരാഷ്ട്ര ജലപാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നതാണ് നിലവിലെ സമുദ്രനിയമങ്ങൾ. അതിനാൽ താൽക്കാലിക ഇടനാഴി ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കില്ലെന്നും ഒമാൻ വ്യക്തമാക്കി. പുതിയ തീരുമാനം ആഗോള വ്യാപാരത്തിനും ഊർജ വിതരണ ശൃംഖലയ്ക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
