കുവൈറ്റ് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈറ്റിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ പൗരന്മാരും പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
വാഹനങ്ങളിൽ ചൂടിനെ തുടർന്ന് അപകടസാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ, ബാറ്ററികൾ, പാനീയങ്ങൾ തുടങ്ങിയവ വാഹനത്തിനുള്ളിൽ വെക്കുന്നത് അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ വാഹനങ്ങളുടെ വിൻഡോകൾ ആവശ്യമായ രീതിയിൽ തുറന്നുവെക്കണമെന്നും നിർദേശിച്ചു.

ഇന്ധന ടാങ്കുകൾ പൂർണമായി നിറയ്ക്കുന്നത് ഒഴിവാക്കുക, അനാവശ്യ യാത്രകൾ കുറയ്ക്കുക, കഴിയുന്നത്ര വൈകുന്നേരങ്ങളിൽ മാത്രം വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ദീർഘദൂര യാത്രകളിൽ ടയറുകളിൽ അമിതഭാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.അമിത ചൂട് കാരണം തേൾ, പാമ്പ് തുടങ്ങിയ ജീവികൾ തണുത്ത സ്ഥലങ്ങൾ തേടി വീടുകളിലേക്കും ഫാമുകളിലേക്കും പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ജനങ്ങൾ ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കണമെന്നും ഗ്യാസ് സിലിണ്ടറുകൾ നേരിട്ട് സൂര്യപ്രകാശത്തിൽ വെക്കരുതെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു. കൂടാതെ വൈദ്യുതി ഉപകരണങ്ങൾ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും ഉച്ചയ്ക്കുള്ള അതിശക്തമായ ചൂട് സമയങ്ങളിൽ എയർ കണ്ടീഷനറുകൾ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
