ഒന്റാരിയോ: അനുവദനീയമായ വേഗതയേക്കാള്‍ ഇരട്ടിയിലധികം വേഗത്തില്‍ വാഹനം ഓടിച്ചതിന് കോണ്‍കോര്‍ഡ് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെതിരെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് സ്റ്റണ്ട് ഡ്രൈവിങിന് കേസെടുത്തു. ചാപ്ലോയ്ക്ക് സമീപം ഹൈവേ 17ല്‍ വെച്ചാണ് അതിവേഗത്തില്‍ പാഞ്ഞ റെന്റല്‍ കാര്‍ പോലീസ് തടഞ്ഞത്.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് യുവാവ് കാറോടിച്ചതെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 23-ന് രാവിലെ 11:25ഓടെയാണ് പോലീസ് ഈ വാഹനം കണ്ടെത്തി പരിശോധന നടത്തിയത്.

ഹൈവേ ട്രാഫിക് ആക്ട് പ്രകാരം യുവാവിനെതിരെ സ്റ്റണ്ട് ഡ്രൈവിങിന് കേസെടുത്തതിന് പുറമെ കടുത്ത അടിയന്തര നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് 30 ദിവസത്തേക്ക് ഉടനടി റദ്ദാക്കി. കൂടാതെ ഇയാള്‍ സഞ്ചരിച്ചിരുന്ന റെന്റല്‍ കാര്‍ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് മാറ്റുകയും ചെയ്തു. കേസില്‍ പ്രതിയായ യുവാവ് വരും ഓഗസ്റ്റ് 6-ന് വാവയിലെ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.
