Friday, June 26, 2026

ഔദ്യോഗിക വസതി നവീകരിക്കുന്നു; ഡിസൈന്‍ മത്സരത്തിന് തുടക്കമിട്ട് കാര്‍ണി

ഓട്ടവ: കാനഡയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ളതും പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയുമായ ’24 സസെക്‌സ് ഡ്രൈവ്’ (24 Sussex Drive) അത്യാധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിക്കാന്‍ ദേശീയതലത്തില്‍ രൂപകല്‍പ്പന-നിര്‍മ്മാണ മത്സരത്തിന് തുടക്കം കുറിച്ച് ഫെഡറല്‍ സര്‍ക്കാര്‍. ഏകദേശം 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വസതിയെ പൂര്‍ണ്ണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാക്കാനുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ’24 സസെക്‌സ് ഡ്രൈവ് എന്നത് വെറുമൊരു വീടോ ചരിത്രത്തിന്റെ പശ്ചാത്തലമോ മാത്രമല്ല, നമ്മുടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ തലവന്റെ പദവിയുടെയും ജനാധിപത്യ പാരമ്പര്യങ്ങളുടെയും പ്രതീകമാണ്,’ കാര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന അറ്റകുറ്റപ്പണികളുടെ അഭാവം മൂലം കടുത്ത അവഗണന നേരിട്ട കെട്ടിടം നിലവില്‍ പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇത് ആര്‍ക്കും താമസിക്കാന്‍ യോഗ്യമല്ലാത്ത രീതിയില്‍ ശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ ആര്‍ക്കിടെക്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയുടെ (RAIC) മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ കനേഡിയന്‍ കമ്പനികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിദഗ്ധര്‍ അടങ്ങുന്ന സ്വതന്ത്ര ജൂറി തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ഡിസൈന്‍ കാബിനറ്റിന് ശുപാര്‍ശ ചെയ്യും. കാനഡ ഡേ ആയ 2027 ജൂലൈ 1-ന് വിജയികളെ പ്രഖ്യാപിക്കും. പദ്ധതിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ‘റീഡോ ഹാള്‍ ഫൗണ്ടേഷന്‍’ രാജ്യവ്യാപകമായി ഒരു ഫണ്ട് ശേഖരണ കാമ്പെയ്ന്‍ നടത്തുമെന്നും നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായും ഇതിലൂടെ കണ്ടെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ സ്റ്റീഫന്‍ ഹാര്‍പ്പര്‍, ജീന്‍ ക്രെറ്റിയന്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ ഈ പുനരുദ്ധാരണ ശ്രമങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

1867-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പൈതൃക മന്ദിരം 10 കനേഡിയന്‍ പ്രധാനമന്ത്രിമാരുടെ വസതിയായിരുന്നു. 34 മുറികളുള്ള പ്രധാന കെട്ടിടത്തിന് പുറമെ മറ്റൊരു ചെറിയ വീടും പൂള്‍ ഹൗസും രണ്ട് ആര്‍.സി.എം.പി (RCMP) ഗാര്‍ഡ് ഹൗസുകളും ഈ വളപ്പിലുണ്ട്. 2015-ല്‍ സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഒഴിഞ്ഞ ശേഷം ഒരു പ്രധാനമന്ത്രിയും ഇവിടെ താമസിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നിലവില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും റീഡോ കോട്ടേജിലാണ് (Rideau Cottage) താമസിക്കുന്നത്. താന്‍ ഒരിക്കലും ഈ വീട്ടിലേക്ക് താമസം മാറില്ലെന്നും എന്നാല്‍ രാജ്യത്തെ നയിക്കാന്‍ പോകുന്ന ഭാവി പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടിയാണ് ഈ ചരിത്ര സ്മാരകം വീണ്ടെടുക്കുന്നതെന്നും മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!