വിനിപെഗ്: വടക്കന്‍ മാനിറ്റോബയിലെ ലീഫ് റാപ്പിഡ്സ് എന്ന കമ്മ്യൂണിറ്റി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികള്‍. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ അഭാവവും തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മൂലം വലയുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ കുറ്റകൃത്യങ്ങളും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വിനിപെഗില്‍ നിന്ന് ഏകദേശം 980 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, വെറും 250 ഓളം പേര് മാത്രം താമസിക്കുന്ന ഈ ചെറിയ ജനവാസ മേഖലയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ മോഷണം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമങ്ങള്‍, ദുരൂഹ മരണങ്ങല്‍ എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ന്നതോടെ കുട്ടികളെ വീടിന് പുറത്തുവിടാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടുകയാണെന്ന് പ്രദേശവാസിയായ ലിയാന ആന്ഡേഴ്സണ് പറയുന്നു. അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ ഡോഗ് സ്ക്വാഡും പ്രത്യേക കുറ്റാന്വേഷണ സംഘവും (CREST) ഉള്‍പ്പെടെയുള്ള അധിക ആര്‍സിഎംപി (RCMP) പോലീസ് സന്നാഹങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും മാനിറ്റോബ ആര്‍സിഎംപി നോര്‍ത്ത് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സുപ്രണ്ട് ക്രിസ് മസാര്ട്ട് അറിയിച്ചു.

1970-കളില്‍ സമീപത്തെ റൂട്ടന്‍ ചെമ്പ്-നാക ഖനിയുടെ (Ruttan copper-zinc mine) വളര്‍ച്ചയോടെ 1,500-ലധികം ആളുകള്‍ താമസിച്ചിരുന്ന സജീവമായ ഒരു നഗരമായിരുന്നു ലീഫ് റാപ്പിഡ്സ്. എന്നാല്‍ 2002-ല്‍ ഖനി അടച്ചുപൂട്ടിയതോടെ നഗരത്തിന്റെ തകര്‍ച്ചയും തുടങ്ങി. ബിസിനസ്സുകള്‍ പൂട്ടുകയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലായി. മാനിറ്റോബയില്‍ ഏറ്റവും കൂടുതല്‍ കാലമായി നിലനില്‍ക്കുന്ന ‘ബോയില്‍ വാട്ടര്‍ അഡൈ്വസറി’ (വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം) ഇവിടെയാണ്. 2013 മുതല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പരിമിതമാണ്, നഗരത്തിലെ ഏക പലചരക്ക് കടയാകട്ടെ പൂട്ടല്‍ ഭീഷണിയിലുമാണ്.
തങ്ങളെ പ്രതിനിധീകരിക്കാനോ തങ്ങളുടെ ശബ്ദം അധികാരികളില്‍ എത്തിക്കാനോ ആരുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. 2019-ല്‍ ഇവിടുത്തെ മേയര്‍ പദവിയും കൗണ്‍സിലും പ്രവിശ്യാ ഭരണകൂടം പിരിച്ചുവിടുകയും ഭരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രാദേശിക ഭരണകൂടം ഇല്ലാത്തതാണ് അവസ്ഥ ഇത്രയും വഷളാകാന്‍ കാരണമെന്ന് മുന്‍ മേയര്‍ ഇര്വിന് ബിഷെട്ടിയും റൈമണ്ട് മ്യുനിയറും ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യപരമായ നേതൃത്വം തിരികെ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതിസന്ധി പരിഹരിക്കാന്‍ പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ഒപ്പുവെച്ച ഒരു തുറന്ന കത്ത് അധികാരികള്‍ക്ക് അയച്ചിട്ടുണ്ട്. അടിയന്തര സഹായം, ക്രമസമാധാനപാലനം, മാനസികാരോഗ്യ പിന്തുണ, കുടിവെള്ള പ്രശ്ന പരിഹാരം, ഭക്ഷ്യ സുരക്ഷ എന്നിവയുള്‍പ്പെടെ 10 ആവശ്യങ്ങളാണ് കത്തിലുള്ളത്. ജൂലൈ 10-നകം ഇതില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജലശുദ്ധീകരണം, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി 5,90,000 ഡോളര്‍ അനുവദിച്ചിട്ടുണ്ടെന്ന് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കിയെങ്കിലും, അധികൃതര്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. പ്രദേശത്ത് വംശീയമായ അവഗണനയാണ് നടക്കുന്നതെന്നും ഇതൊരു നോണ്‍-ഇന്‍ഡിജിനസ് (പദ്ദതിയിതര) സമൂഹമായിരുന്നെങ്കില്‍ രാജ്യം ഈ രീതിയില്‍ അവഗണിക്കില്ലായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തക ഹില്‍ഡ ആന്ഡേഴ്സണ്-പിര്‍സ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു.
