ബ്രിട്ടിഷ് കൊളംബിയ: സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി കൗമാരക്കാര്‍ നടത്തുന്ന ‘ഡോര്‍-കിക്ക് ചലഞ്ച്’ (door-kick challenge) കാനഡയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുന്നു. അപരിചിതരുടെ വീടുകളുടെ വാതിലുകളില്‍ അതിശക്തമായി ചവിട്ടുകയും തല്ലുകയും ചെയ്ത ശേഷം ഓടിപ്പോകുന്നതാണ് ഈ വിനോദം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള നനൈമോ നഗരത്തില്‍ ഈ പ്രവണത കുടുംബങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയായും വലിയ തോതിലുള്ള വസ്തുവകകളുടെ നാശനഷ്ടങ്ങളായും മാറിയിരിക്കുകയാണ്.
നനൈമോ സ്വദേശിയായ മാര്‍ട്ടി പീറ്റേഴ്സ് തന്റെ കുടുംബം ഈ സോഷ്യല്‍ മീഡിയ ചലഞ്ചിന്റെ ഇരകളായതിനെക്കുറിച്ച് വെളിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ രാത്രികാലങ്ങളില്‍ വാതിലില്‍ അസാധാരണമായ തട്ടലുകള്‍ കേട്ടുകൊണ്ടാണ് ഇത് തുടങ്ങിയത്. പിന്നീട് ഇത് അതിശക്തമായ ചവിട്ടുകളായി മാറി. ചവിട്ടിന്റെ ആഘാതത്തില്‍ ഇവരുടെ വീടിന്റെ മുന്‍വാതിലിന്റെ ഡെഡ്ബോള്‍ട്ട് (ലോക്ക്) തകരുകയും വാതിലില്‍ വിള്ളല്‍ വീഴുകയും ചെയ്തു. മാര്‍ച്ചായപ്പോഴേക്കും ആഴ്ചയില്‍ പലതവണ രാത്രി 11 മണിയോടെ ഇത്തരത്തില്‍ അതിക്രമം ഉണ്ടാകാന്‍ തുടങ്ങി. ഒരിക്കല്‍ വാതില്‍ തകര്‍ത്ത് ആരോ അകത്തുകയറാന്‍ ശ്രമിക്കുകയാണെന്ന് കരുതി പീറ്റേഴ്സിന്റെ എട്ട് വയസ്സുകാരിയായ കൊച്ചുമകള്‍ ഭയന്നുവിറച്ചു. ഒരു തവണ ഇത്തരം കൗമാരക്കാരെ പീറ്റേഴ്സും ഭാര്യയും നേരിട്ടപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യയെ കൊലപ്പെടുത്തുമെന്നുപോലും അവര്‍ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ഇതേ പ്രദേശത്ത് താമസിക്കുന്ന കൈലി സ്മാലന്‍ബെര്‍ഗ് എന്ന സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു രാത്രിയില്‍ വലിയൊരു ശബ്ദം കേട്ട് കാര്‍ വന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചതാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഡോര്‍ബെല്‍ ക്യാമറ പരിശോധിച്ചപ്പോള്‍ മുഖംമൂടി ധരിച്ച കൗമാരക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഈ ചലഞ്ച് കാരണം തനിക്ക് സ്വന്തം വീട്ടില്‍ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നതായി അവര്‍ പറഞ്ഞു. ഡിപ്പാര്‍ച്ചര്‍ ബേ (Departure Bay) മേഖലയിലെ വീടുകളാണ് കൗമാരക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടാകുന്നത്.
ഇതൊരു ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കൗമാരക്കാര്‍ തിരിച്ചറിയുന്നില്ലെന്നും സോഷ്യല്‍ മീഡിയയിലെ പ്രശസ്തി മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും നനൈമോ ആര്‍.സി.എം.പി (RCMP) പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വിഡ്ഢിത്തം നിറഞ്ഞ സോഷ്യല്‍ മീഡിയ ചലഞ്ച് പലപ്പോഴും വലിയ അക്രമങ്ങളിലാണ് കലാശിക്കുന്നത്. മുന്‍പ് സമാനമായ ഡോര്‍ബെല്‍ പ്രാങ്ക് (doorbell prank) ചെയ്തതിന് അമേരിക്കയില്‍ 11 വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. ക്യൂബെക്കില്‍ കുട്ടിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ച വീട്ടമ്മയ്ക്ക് തടവുശിക്ഷ ലഭിച്ചതും, ബ്രിട്ടീഷ് കൊളംബിയയില്‍ കുട്ടികളെ കാറിടിപ്പിച്ച വയോധികന് ഡ്രൈവിങ് വിലക്ക് ലഭിച്ചതുമായ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. പ്രകോപിതരായ പല നിവാസികളും ഇപ്പോള്‍ തങ്ങളുടെ വാതിലിന് പിന്നില്‍ ബേസ്‌ബോള്‍ ബാറ്റുകളുമായാണ് കാവലിരിക്കുന്നത്. ഇത് കൗമാരക്കാരുടെ ജീവനും വലിയ അപകടമുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
