ഓട്ടവ: ജൂലൈ 1-ന് നടക്കുന്ന കാനഡ ദിനാഘോഷത്തിനായി ഓട്ടവയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പാർലമെന്റ് ഹില്ലിലെ ഔദ്യോഗിക പരിപാടികൾ, ലെബ്രെട്ടൺ ഫ്ലാറ്റ്സിലെ സംഗീതകച്ചേരികൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വെടിക്കെട്ട്, കുടുംബസൗഹൃദ ആഘോഷങ്ങൾ എന്നിവയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഒ.സി ട്രാൻസ്പോ (OC Transpo) ബസുകളിലും ഒ-ട്രെയിനുകളിലും (O-Train) യാത്രക്കാർക്ക് ദിവസം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാം. തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒ-ട്രെയിൻ Line 1 പുലർച്ചെ 6 മണി മുതൽ രാത്രി 2 മണിവരെ സർവീസ് നടത്തും.
ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ നടക്കുന്ന കാനഡ ഡേ നൂൺ ഷോയിൽ അലെസിയ കാര ഉൾപ്പെടെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറമി ഹാൻസൻ, റിക്ക് ഹാൻസൻ, ഒളിമ്പിക്-പാരാലിമ്പിക് താരങ്ങൾ എന്നിവരും പ്രത്യേക അതിഥികളായെത്തും. രാത്രി 8 മുതൽ 10 വരെ നടക്കുന്ന കാനഡ ഡേ ഈവനിങ് ഷോയിൽ ബെയർനേക്ക്ഡ് ലേഡീസ് ഉൾപ്പെടെ നിരവധി പ്രമുഖർ വേദിയിലെത്തും. പരിപാടി പാർലമെന്റ് ഹില്ലിലെയും സുപ്രീംകോടതി പരിസരത്തെയും വലിയ സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കും. വൈകിട്ട് 4 മണിക്ക് സ്നോബേർഡ്സിന്റെ വിമാനപ്രകടനവും ഉണ്ടായിരിക്കും.

രാത്രി 10-ന് ലെബ്രെട്ടൺ ഫ്ലാറ്റ്സ് പാർക്കിന് സമീപം ‘ടിം ഹോർട്ടൺസ് കാനഡ ഡേ ഫയർവർക്സ്’ നടക്കും. മേജർസ് ഹിൽ പാർക്ക്, കാപിറ്റൽ പാത്ത്‌വേ എന്നിവിടങ്ങളിൽ നിന്നും ഇത് മികച്ച രീതിയിൽ കാണാം.കൂടാതെ, കനേഡിയൻ മ്യൂസിയം ഓഫ് നേച്ചർ, കനേഡിയൻ വാർ മ്യൂസിയം ഉൾപ്പെടെയുള്ള പ്രമുഖ മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്.
