Saturday, June 27, 2026

ഹോര്‍മുസ്: കപ്പലുകള്‍ക്ക് നേരെ ഇറാന്റെ വെടിവയ്പ്പ്; ആക്രമണത്തില്‍ സഹകരിക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുമായി ഇറാനും, ദക്ഷിണ ലബനനില്‍ ശക്തമായ വ്യോമ-കരസേനാ നീക്കങ്ങളുമായി ഇസ്രയേലും രംഗത്തെത്തിയതോടെ പശ്ചിമേഷ്യന്‍ മേഖല വീണ്ടും കടുത്ത യുദ്ധപ്രതീതിയിലേക്ക്. ഒമാന്‍ തീരത്തുകൂടിയുള്ള സമാന്തര സുരക്ഷിത പാതകള്‍ തിരഞ്ഞെടുക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കാനാകില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ തയ്വാന്‍ കപ്പലിനു നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണവും കപ്പല്‍ കമ്പനികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വാണിജ്യ കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) ആരംഭിച്ച ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

തങ്ങള്‍ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക പാതയിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്നാണ് ഇറാന്റെ നിലപാട്. ഭാവിയില്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ക്ക് തങ്ങളുടെ മണ്ണ് വിട്ടുനല്‍കരുതെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളും യുഎസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രകോപനപരമാണെന്നും, മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കൂടുതല്‍ അസ്ഥിരതയ്ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രായലം കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഒമാനുമായി ചേര്‍ന്ന് സംയുക്ത സമിതി വഴി കൈകാര്യം ചെയ്യുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മറ്റൊരു സുപ്രധാന നീക്കത്തില്‍ ദക്ഷിണ ലബനനിലെ മന്‍സൗരി പട്ടണത്തില്‍നിന്ന് ഉടനടി ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം ലഘുലേഖകള്‍ വിതറി. ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു കൂട്ട ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് ഉണ്ടാകുന്നത്. ഇത് ഈ മേഖലയില്‍ വലിയൊരു സൈനിക ആക്രമണത്തിന് മുന്നോടിയായാണെന്നാണ് സൂചന. ലബനനിലെ അല്‍ മന്‍സല മേഖലയില്‍ വച്ച് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച 7 ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ റവലൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍മാര്‍ നിരന്തരം ഭീഷണി മുഴക്കുകയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും കറ്റ്‌സ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!