ഫിഫ ലോകകപ്പ് 2026ൽ നിന്ന് സ്കോട്‍ലൻഡ് പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീവ് ക്ലാർക്ക് രാജിവച്ചു. 62കാരനായ ക്ലാർക്ക് ഏഴ് വർഷമായി ടീമിനെ നയിച്ചുവരികയായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കോട്‍ലൻഡ് മൂന്ന് പ്രധാന ടൂർണമെന്റുകളിലേക്ക് യോഗ്യത നേടിയിരുന്നു. അതിൽ 28 വർഷത്തിനുശേഷമുള്ള ലോകകപ്പ് പ്രവേശനവും ഉൾപ്പെടുന്നു. ലോകകപ്പ് ആരംഭിക്കും മുൻപ് പുതിയ നാല് വർഷ കരാറിൽ എത്തിയിരുന്നെങ്കിലും ഗ്രൂപ്പ് സി ഘട്ടത്തിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്.

ക്രൊയേഷ്യ ഘാനയെ 2-1ന് തോൽപ്പിച്ചതോടെ മികച്ച മൂന്നാം സ്ഥാനക്കാരായി മുന്നേറാമെന്ന സ്കോട്‍ലൻഡിന്റെ പ്രതീക്ഷ അവസാനിച്ചതിന് പിന്നാലെ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്ലാർക്ക് തീരുമാനം അറിയിച്ചത്.
കളിക്കാരോടുള്ള നന്ദി അറിയിച്ച ക്ലാർക്ക്, 2019 മുതൽ ഇതുവരെ ലഭിച്ച ഓർമ്മകൾക്ക് കാരണം താരങ്ങളാണെന്നും അവരെ പരിശീലിപ്പിച്ചത് വലിയ ബഹുമതിയായിരുന്നുവെന്നും തന്റെ പകരക്കാരന് ആശംസകൾ നേർന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഇയാൻ മാക്സ്വെൽ പ്രതികരിക്കവെ, ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിൽ നിരാശയുണ്ടെങ്കിലും ക്ലാർക്കിന്റെ ഏഴ് വർഷത്തെ നേതൃത്വത്തിൽ കൈവരിച്ച പുരോഗതി മറക്കാനാകില്ലെന്ന് വ്യക്തമാക്കി.
