Sunday, June 28, 2026

ഒമാനില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്; ഫര്‍ണിച്ചര്‍, ജ്വല്ലറി, കാര്‍ ഷോറൂമുകള്‍ക്കും വിലക്ക്

മസ്‌കറ്റ്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1 മുതല്‍ നടപ്പിലാക്കും. പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതി അതോറിറ്റിയുടെ ‘തീരുമാനം നമ്പര്‍ 8/2024’-ന്റെ ഭാഗമായാണ് ഈ അഞ്ചാം ഘട്ട വിപുലീകരണം.

ഈ പുതിയ ഘട്ടത്തിലൂടെ കൂടുതല്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പരിസ്ഥിതി സൗഹൃദ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. ഫര്‍ണിച്ചര്‍, ബെഡ്ഡിങ്‌സ് (blanket) കടകള്‍, പരമ്പരാഗത ഒമാനി ഖഞ്ചര്‍ കടകള്‍, സ്വര്‍ണ്ണ-വെള്ളി ആഭരണ ശാലകള്‍, കാര്‍ കെയര്‍ സെന്ററുകള്‍, കാര്‍ ഷോറൂമുകള്‍ എന്നിവയിലാണ് ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കുകയെന്ന് പരിസ്ഥിതി അതോറിറ്റിയുടെ കെമിക്കല്‍സ് ആന്‍ഡ് വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിലെ കെമിസ്ട്രി സ്‌പെഷ്യലിസ്റ്റ് എന്‍ജിനീയര്‍ അബീര്‍ ബിന്ത് ഒമര്‍ അല്‍ ഖാസിമി വ്യക്തമാക്കി.

കനം കുറഞ്ഞ (50 മൈക്രോമീറ്ററില്‍ താഴെയുള്ള) ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളെ പൂര്‍ണ്ണമായും ഒഴിവാക്കാനും തുണി, പേപ്പര്‍ ബാഗുകള്‍ പോലെയുള്ള പുനരുപയോഗ സാധ്യമായ ബദലുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ഒമാനി റിയാല്‍ മുതല്‍ 1,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്നും, ഒരു മാസത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പദ്ധതിയുടെ മുന്‍ഘട്ടങ്ങളില്‍ രാജ്യവ്യാപകമായി 3,000-ത്തിലധികം പരിശോധനകളും ഇരുന്നൂറിലധികം ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുകയും രാജ്യത്തിന്റെ സവിശേഷമായ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ‘ഒമാന്‍ വിഷന്‍ 2040’-ന് വലിയൊരു പിന്തുണ നല്‍കാന്‍ ഈ ദീര്‍ഘകാല പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2027 ജൂലൈയോടെ രാജ്യത്തെ എല്ലാ വാണിജ്യ മേഖലകളെയും പ്ലാസ്റ്റിക് ബാഗ് വിമുക്തമാക്കുക എന്നതാണ് ഒമാന്‍ അതോറിറ്റിയുടെ അന്തിമ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!