ടൊറന്റോ: കാനഡയിലെ പ്രമുഖ മലയാളി ശാസ്ത്രജ്ഞനും വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഫിസിയോളജി ആൻഡ് ഫാർമക്കോളജി വിഭാഗം പ്രൊഫസർ എമിരറ്റസുമായിരുന്ന ഡോ. ഞാനൂർ നാരായണൻ (80) അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കാനഡയിലെ മലയാളി സമൂഹത്തെയും അന്താരാഷ്ട്ര ശാസ്ത്രലോകത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കേരളത്തിൽ ജനിച്ച ഡോ. നാരായണൻ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി. ബിരുദം നേടിയ ശേഷം ബോംബെ സർവകലാശാലയിൽ നിന്ന് എം.എസ്.സി., പി.എച്ച്.ഡി. ബിരുദങ്ങൾ കരസ്ഥമാക്കി. തുടർന്ന് കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം അധ്യാപന-ഗവേഷണ രംഗത്ത് സേവനമനുഷ്ഠിച്ചു.
വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ ഷൂലിക്ക് സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് ഡെന്റിസ്ട്രിയിലെ ഫിസിയോളജി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ പ്രൊഫസറായിരുന്ന അദ്ദേഹം ഹൃദയകോശങ്ങളിലെ കാൽസ്യം നിയന്ത്രണ സംവിധാനങ്ങൾ, സാർകോപ്ലാസ്മിക് റെറ്റിക്കുലം, ഹൃദയസ്തംഭനം, വാർദ്ധക്യസഹജമായ ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ തുടങ്ങിയ വിഷയങ്ങളിലെ ഗവേഷണങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഈ മേഖലയിലെ പ്രധാന റഫറൻസുകളായി ഇന്നും പരിഗണിക്കപ്പെടുന്നു.
ഹാർട്ട് ആൻഡ് സ്ട്രോക്ക് ഫൗണ്ടേഷൻ ഓഫ് ഒന്റാരിയോയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം നിരവധി ഗവേഷകരെ വാർത്തെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ ലാബിൽ പരിശീലനം നേടിയ നിരവധി ശാസ്ത്രജ്ഞർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവേഷണ-അധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു.
അക്കാദമിക ജീവിതത്തിനൊപ്പം ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (LOMA) ആദ്യകാല സജീവ പ്രവർത്തകരിലൊരാളായിരുന്ന ഡോ. ഞാനൂർ നാരായണൻ, കാനഡയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളുമായിരുന്നു. ലണ്ടനിലെത്തുന്ന പുതിയ മലയാളി കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും പിന്തുണയും മാർഗനിർദേശവും നൽകുന്നതിൽ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു.
ഡോ. ഞാനൂർ നാരായണന്റെ നിര്യാണത്തിൽ കാനഡയിലെ മലയാളി സമൂഹവും സഹപ്രവർത്തകരും മുൻ വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
