ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.സിനിമാ മേഖലയിൽ ഏകദേശം 50 വർഷത്തിലേറെ സജീവമായിരുന്ന ഭാഗ്യരാജ് 25-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തിടെ അദ്ദേഹം സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും സംഘടിപ്പിച്ചിരുന്നു.
ബാല്യകാലം മുതൽ സിനിമയിലേക്കുള്ള യാത്ര ആരംഭിച്ച അദ്ദേഹം, ഭാരതിരാജയുടെ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി രംഗത്തെത്തി. തുടർന്ന് ഭാരതിരാജയുടെ സഹായിയായി പ്രവർത്തിക്കുകയും സഹസംവിധായകനുമായി.1979-ൽ പുറത്തിറങ്ങിയ സുവർ ഇല്ലാത ചിത്തിരംഗൾ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഭാഗ്യരാജ് പിന്നീട് തമിഴ് സിനിമയിൽ സ്വന്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. ഒരു കൈ ഓസൈ (1980), മൗന ഗീതങ്ങൾ (1981), അന്ത ഏഴ് നാടുകൾ (1981), ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ് (1982), മുന്താനൈ മുടിച്ച് (1983), ധാവണി കനവുകൾ (1984), ചിന്ന വീട് (1985), എങ്ക ചിന്ന റാസാ(1987), അവസര പൊലീസ് 100 (1990) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
75-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാഗ്യരാജ്, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ തുല്യപ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇടക്കാലത്ത് രാഷ്ട്രീയരംഗത്തും സജീവമായിരുന്ന അദ്ദേഹം ആദ്യം എഐഎഡിഎംകെയോടും(AIADMK) പിന്നീട് ഡിഎംകെയോടും(DMK) ചേർന്ന് പ്രവർത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നു. നടി പൂർണിമ ജയറാം ആണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവരാണ് മക്കൾ.
