ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ നോർത്ത് യോർക്കിൽ താമസിച്ചിരുന്ന മലയാളി യുവതി ജിതില യോഹന്നാൻ (39) അപ്രതീക്ഷിതമായി വിടവാങ്ങി. ജൂൺ 25-നാണ് ദാരുണ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ജിതേലയുടെ നിര്യാണം കുടുംബാംഗങ്ങളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഭർത്താവ് ബോബി ചെറിയാനും മൂന്ന് മക്കളുമൊത്ത് നോർത്ത് യോർക്കിലായിരുന്നു ജിതില താമസിച്ചിരുന്നത്. ആറു വയസുള്ള മകളും നാലു വയസുള്ള മകളും മൂന്ന് വയസുള്ള മകനുമാണ് ദമ്പതികൾക്കുള്ളത്. ജിതിലയുടെ അമ്മയും ഇവർക്കൊപ്പമാണ് താമസം.
ജൂൺ 25-ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെ ജിതിലയ്ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ അമ്മ ഭർത്താവ് ബോബി ചെറിയാനെ വിവരം അറിയിക്കുകയും അദ്ദേഹം ഉടൻ തന്നെ 911-ൽ വിളിച്ച് സഹായം തേടുകയും ചെയ്തു. പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജിതിലയുടെ ജീവൻ രക്ഷിക്കാനായില്ല.

ജിതിലയുടെ അപ്രതീക്ഷിത വേർപാടോടെ കുടുംബം കടുത്ത മാനസിക ആഘാതത്തിലാണ്. പാർട്ട് ടൈമായി കാനഡ പോസ്റ്റിൽ ജോലി ചെയ്യുന്ന ബോബി ചെറിയാൻ ഇപ്പോൾ മൂന്ന് ചെറിയ കുട്ടികളുടെയും കുടുംബത്തിന്റെയും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ്.
കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കളുടെയും മലയാളി സമൂഹത്തിന്റെയും നേതൃത്വത്തിൽ ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ശവസംസ്കാര ചെലവുകൾ, വീടിന്റെ വാടക, ദൈനംദിന ജീവിതച്ചെലവുകൾ, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്കായാണ് സഹായം അഭ്യർഥിച്ചിരിക്കുന്നത്.സംഭാവന നൽകാൻ കഴിയാത്തവർ കുടുംബത്തെ പ്രാർഥനയിൽ ഓർക്കുകയും ഈ സഹായ അഭ്യർഥന മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയും ചെയ്യണമെന്ന് ഗോഫണ്ടിന്റെ സംഘാടകർ അഭ്യർഥിച്ചു. സംഭാവന നൽകാൻ താൽപര്യമുള്ളവർ ഗോഫണ്ടിലൂടെ(https://gofund.me/a6f31ca6b) ജിതിലയുടെ കുടുംബത്തിന് സഹായം നൽകുക.
