ടൊറന്റോ: ടൊറന്റോ പ്രൈഡ് പരേഡിന് ഇന്ന് തുടക്കം. നഗരത്തില്‍ നടക്കുന്ന വാര്‍ഷിക എല്‍.ജി.ബി.ടി.ക്യു.പ്ലസ് (LGBTQ2S+) പ്രൈഡ് പരേഡിനോടും അനുബന്ധ ആഘോഷങ്ങളോടും അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രൈഡ് ടൊറന്റോ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ ആരംഭിച്ച റോഡ് നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച ‘പ്രൈഡ് സ്ട്രീറ്റ് ഫെയര്‍’ (Pride Street Fair) കാരണം ചര്‍ച്ച്-വെല്ലസ്ലി വില്ലേജ് (Church-Wellesley Village) പരിസരത്തെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ചര്‍ച്ച് സ്ട്രീറ്റില്‍ ഡണ്ടസ് സ്ട്രീറ്റ് ഈസ്റ്റ് മുതല്‍ ഹെയ്ഡന്‍ സ്ട്രീറ്റ് വരെയുള്ള ഭാഗത്തും, വെല്ലസ്ലി സ്ട്രീറ്റ് ഈസ്റ്റില്‍ യോങ് സ്ട്രീറ്റ് മുതല്‍ ജാര്‍വിസ് സ്ട്രീറ്റ് വരെയുള്ള ഭാഗത്തുമാണ് നിലവില്‍ വാഹനങ്ങള്‍ക്ക് നിരോധനമുള്ളത്. ഈ നിയന്ത്രണം തിങ്കളാഴ്ച രാവിലെ 7 മണി വരെ നിലനില്‍ക്കും.

അതേസമയം, പ്രൈഡ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായ വാര്‍ഷിക പ്രൈഡ് പരേഡ് (Pride Parade) ഇന്ന് നടക്കും. ഇതിനായി രാവിലെ 8 മണി മുതല്‍ റോസ്‌ഡെയ്ല്‍ വാലി റോഡില്‍ (Rosedale Valley Road) അണിനിരക്കല്‍ ആരംഭിച്ചു. പരേഡ് നഗരത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് വിവിധ സമയങ്ങളിലായി റോഡുകള്‍ അടയ്ക്കും. രാവിലെ 11 മണി മുതല്‍ ചര്‍ച്ച് സ്ട്രീറ്റ്, പാര്‍ക്ക് റോഡ്, അസ്‌ക്വിത്ത് അവന്യൂ, കോളിയര്‍ സ്ട്രീറ്റ് എന്നിവടങ്ങളില്‍ നിയന്ത്രണം വരും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബ്ലൂര്‍ സ്ട്രീറ്റ് വെസ്റ്റ്, യോങ് സ്ട്രീറ്റ്, ഡണ്ടസ് സ്ട്രീറ്റ് വെസ്റ്റ്, ബേ സ്ട്രീറ്റ് തുടങ്ങിയ പ്രധാന പാതകളെല്ലാം പൂര്‍ണ്ണമായി അടയ്ക്കും.
പരേഡ് അവസാനിക്കുന്നതോടെ ഇന്ന് രാത്രി ഏകദേശം 8 മണിയോടെ എല്ലാ റോഡുകളും ഗതാഗതത്തിനായി വീണ്ടും തുറന്നുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
