Monday, June 29, 2026

ജോർജിയ കടലിടുക്കിൽ ബോട്ട് മുങ്ങി; നാല് പേർ രക്ഷപ്പെട്ടു, ആറ് പേർക്കായി തിരച്ചിൽ തുടരുന്നു

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ജോർജിയ കടലിടുക്കിൽ ചാർട്ടർ ബോട്ട് മുങ്ങിയതിനെ തുടർന്ന് ആറ് പേരെ കാണാതായി. സംഭവത്തിൽ നാല് പേരെ രക്ഷപ്പെടുത്തിയതായി കനേഡിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.

ബി.സി എമർജൻസി ഹെൽത്ത് സർവീസസ് നൽകിയ വിവരമനുസരിച്ച് രക്ഷപ്പെടുത്തിയ നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ബാക്കി മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. വൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തെക്കുപടിഞ്ഞാറ് റോബർട്സ് ബാങ്കിന് സമീപം ഞായറാഴ്ച 11:45ഓടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ 10 പേർ ഉണ്ടായിരുന്നുവെന്ന് ബി.സി ആർ.സി.എം.പി വ്യക്തമാക്കുന്നു.

ലൈഫ് ജാക്കറ്റുകൾ ഇല്ലാതെ ആളുകൾ വെള്ളത്തിൽ കുടുങ്ങിയതായി സിവിലിയൻ ബോട്ടിൽ നിന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ (JRCC) ഉടൻ തിരച്ചിൽ ആരംഭിച്ചു.കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, ആർ.സി.എം.പി ബോട്ടുകൾ എന്നിവ ഉൾപ്പെടെ വ്യാപകമായ രക്ഷാപ്രവർത്തനമാണ് തുടരുന്നത്. കൂടാതെ ബി.സി. ഫെറീസിന്റെ രണ്ട് കപ്പലുകളും സിവിലിയൻ ബോട്ടുകളും തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരെ ഉടൻ തന്നെ പാരാമെഡിക്കൽ സംഘത്തിന് കൈമാറി ചികിത്സ നൽകി. കാണാതായ ആറ് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!