മസ്‌കറ്റ്: സിവിൽ ഏവിയേഷൻ മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഫ്രാൻസും സഹകരണ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യോമയാന സുരക്ഷ, പരിശീലനം, നിയന്ത്രണ ചട്ടങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഫ്രാൻസിൽ നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിനിടെയാണ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്.വ്യോമയാന സുരക്ഷ, പരിസ്ഥിതി സുസ്ഥിരത, എയർ നാവിഗേഷൻ, വിമാനത്താവള പ്രവർത്തനങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, നിയമപരമായ വിഷയങ്ങൾ, ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികളിലെ ജീവനക്കാരുടെ പരിശീലനം, മാനവവിഭവശേഷി വികസനം എന്നിവയാണ് കരാറിന്റെ പ്രധാന സഹകരണ മേഖലകൾ.

സാങ്കേതിക വൈദഗ്ധ്യവും മികച്ച പ്രവർത്തന രീതികളും പരസ്പരം കൈമാറുന്നതിലൂടെ ഒമാന്റെ സിവിൽ ഏവിയേഷൻ മേഖലയുടെ വികസനം വേഗത്തിലാക്കുകയും രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുകയും ചെയ്യുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങളും ശുപാർശകളും കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും പുതിയ കരാർ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
