ഓട്ടവ: ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള സേവനങ്ങള്‍ കാനഡ പോസ്റ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുറഞ്ഞ മൂല്യമുള്ള ഷിപ്പ്മെന്റുകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ പുതിയ കസ്റ്റംസ് നിയമങ്ങള്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്നാണ് ഇത്. പുതിയ ഭേദഗതികള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കത്തുകളും പാഴ്‌സലുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കില്ലെന്ന് കാനഡയുടെ ഔദ്യോഗിക തപാല്‍ സേവന വിഭാഗം വ്യക്തമാക്കി.
ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ 12 രാജ്യങ്ങളിലേക്കുള്ള സേവനങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ അയക്കാന്‍ സാധിക്കില്ല.

ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം, യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും വരുന്ന 150 യൂറോ (ഏകദേശം 240 കനേഡിയന്‍ ഡോളര്‍) വരെയുള്ള കുറഞ്ഞ മൂല്യമുള്ള പാഴ്‌സലുകള്‍ക്ക് 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കാന്‍ ഇയു തീരുമാനിച്ചിരുന്നു. പല പാഴ്‌സലുകളുടെയും യഥാര്‍ത്ഥ മൂല്യം കുറച്ചു കാണിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും കസ്റ്റംസ് നികുതി വെട്ടിക്കുന്നത് തടയാനാണ് ഈ കര്‍ശന നടപടി.
യൂറോപ്യന്‍ യൂണിയന് ഉള്ളില്‍ ഉല്‍പ്പാദനവും വിപണനവും നടത്തുന്ന പ്രാദേശിക ബിസിനസുകാര്‍ക്ക് പുറത്തുനിന്നുള്ള ഇത്തരം നികുതിരഹിത വില്‍പ്പനക്കാര്‍ കടുത്ത വെല്ലുവിളിയും ‘അന്യായമായ മേല്‍ക്കൈയും’ നല്‍കുന്നുവെന്നാണ് ഇയു അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, പ്രതിസന്ധിയിലായ രാജ്യങ്ങളിലെ കസ്റ്റംസ് നിയമങ്ങളുമായി പൊരുത്തപ്പെടുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, അതുവരെ മറ്റ് ഇയു രാജ്യങ്ങളിലേക്കുള്ള ഷിപ്പ്മെന്റുകള്‍ സാധാരണപോലെ തുടരുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു.
