Wednesday, July 1, 2026

ഇന്ധന വിലയും ഇറച്ചിവിലയും കുറവ്: യുഎസ് അതിര്‍ത്തി കടന്ന് കാനഡക്കാരുടെ കൂട്ടപ്പാച്ചില്‍ തുടരുന്നു

ന്യൂബ്രണ്‍സ്വിക്: കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയും യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ഗതാഗതത്തില്‍ ചെറിയ തോതിലുള്ള വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഡോണള്‍ഡ് ട്രംപ് രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി വൈറ്റ് ഹൗസില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് അതിര്‍ത്തി കടന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇത്തരമൊരു വര്‍ധന ദൃശ്യമാകുന്നത്.

ഇന്ധനത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ വിലവ്യത്യാസവും വേനല്‍ക്കാല ടൂറിസം സീസണിന്റെ തുടക്കവുമാണ് അതിര്‍ത്തിയിലെ യാത്രാ തിരക്ക് വര്‍ധിപ്പിച്ചത്. കാനഡയില്‍ ഇന്ധനത്തിന് ഏകദേശം 70 ഡോളര്‍ ചിലവാകുമ്പോള്‍, അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തിയാല്‍ വെറും 50 ഡോളറിന് ഇതേ അളവില്‍ ഇന്ധനം അടിക്കാന്‍ സാധിക്കുമെന്ന് കാനഡ സ്വദേശിനി ലെയ്ഗ സ്റ്റുവര്‍ട്ട് പറയുന്നു. അതിര്‍ത്തിയിലെ പരിശോധനകളും മറ്റ് കടമ്പകളും ഈ വിലവ്യത്യാസം ലാഭിക്കാന്‍ നോക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടല്ലെന്നാണ് ഇവരുടെ പക്ഷം. അമേരിക്കന്‍ കസ്റ്റംസ് ഓഫീസിന് സമീപമുള്ള ‘ഹാര്‍ഡ്വിക്ക്‌സ് കണ്‍ട്രി സ്റ്റോര്‍’ ഇന്ധന പമ്പില്‍ ചൊവ്വാഴ്ച എത്തിയ ഭൂരിഭാഗം വാഹനങ്ങളും കാനഡയിലെ ന്യൂബ്രണ്‍സ്വിക്ക് രജിസ്‌ട്രേഷനിലുള്ളവയായിരുന്നു. ഇവിടെ ഒരു ലിറ്റര്‍ സാധാരണ അണ്‍ലെഡഡ് പെട്രോളിന് കനേഡിയന്‍ മൂല്യപ്രകാരം 1.42 ഡോളറാണ് വില വരുന്നത്.

സ്വന്തം നാട്ടിലെ പെട്രോള്‍ പമ്പിലേക്ക് പോകുന്നതിനേക്കാള്‍ തനിക്ക് എളുപ്പം അതിര്‍ത്തി കടന്ന് ഇവിടെയെത്തുന്നതാണെന്ന് മറ്റൊരു കനേഡിയന്‍ സ്വദേശിയായ റിക്ക് ക്രോഫ്റ്റ് വ്യക്തമാക്കി. ഇന്ധനത്തിന് പുറമെ മാംസം അടക്കമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാനും കനേഡിയന്‍മാര്‍ കാലെസിലെ കടകളെയാണ് ആശ്രയിക്കുന്നത്. ഉദാഹരണത്തിന്, കാലെസിലെ ഐ.ജി.എ (IGA) സ്റ്റോറില്‍ കനേഡിയന്‍ ഡോളര്‍ നിരക്കില്‍ 22 ഡോളര്‍ മാത്രം വിലയുള്ള ബോണ്‍ലെസ് ചിക്കന്‍ തുടകള്‍ക്ക് കാനഡയില്‍ 38 ഡോളറോളം നല്‍കേണ്ടി വരുന്നുണ്ട്.

അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനത്തെ ടൂറിസം വരുമാനത്തിന്റെ 40 ശതമാനത്തോളം കാനഡയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്നായതിനാല്‍, കനേഡിയന്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയ്ന്‍ ഗവര്‍ണര്‍ ജാനറ്റ് മില്‍സ് പാതയോരങ്ങളില്‍ പ്ര ത്യേക സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!