Wednesday, July 1, 2026

റോഡ് അറ്റകുറ്റപ്പണികള്‍ ഇനി അതിവേഗം; അത്യാധുനിക യന്ത്രസാമഗ്രികള്‍ ഒരുക്കി നോവസ്‌കോഷ

നോവസ്‌കോഷ: നോവസ്‌കോഷയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും കുഴികളടയ്ക്കലും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അത്യാധുനിക യന്ത്രസാമഗ്രികള്‍ സ്വന്തമാക്കി. സിഡ്‌നി റിവറിലെ പൊതുമരാമത്ത് ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങില്‍, പുതുതായി വിന്യസിക്കുന്ന എണ്‍പതിലധികം അത്യാധുനിക ഉപകരണങ്ങളില്‍ ചിലത് വകുപ്പ് ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചു.

നോവസ്‌കോഷയിലുടനീളമുള്ള റോഡ് പരിപാലന സംവിധാനം ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ഈ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഫ്രെഡ് ടില്ലി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍, എം.എല്‍.എമാര്‍, കരാറുകാര്‍ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണ മേഖലയ്ക്ക് അനുയോജ്യമായ പുതിയ യന്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡിലെ കുഴികള്‍ കൂടുതല്‍ മികച്ച രീതിയിലും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായും പരിഹരിക്കാന്‍ സഹായിക്കുന്ന പുതിയ ടാറിങ്(Asphalt) സാങ്കേതികവിദ്യയാണ് ഇതില്‍ പ്രധാനപ്പെട്ടത്. റോഡിന്റെ വശങ്ങളിലെ കാടുകളും പുല്ലുകളും എളുപ്പത്തില്‍ വെട്ടിമാറ്റാന്‍ സഹായിക്കുന്ന ബ്രഷ് കട്ടറുകളോട് കൂടിയ പുതിയ ഫ്രണ്ട്-എന്‍ഡ് ലോഡറുകള്‍, റോഡ് പാച്ചിങിനായി അസ്ഫാല്‍റ്റ് പ്ലാനറുകള്‍, സ്വീപ്പറുകള്‍, കോംപാക്ടര്‍ അറ്റാച്ച്മെന്റുകള്‍ എന്നിവയുള്ള സ്‌കിഡ് സ്റ്റീറുകള്‍ എന്നിവയും ഈ പുതിയ നിരയിലുണ്ട്.

ചൂടാക്കിയ ടാര്‍ മിശ്രിതം ജോലിസ്ഥലത്തേക്ക് എത്തിക്കുന്നതിനായി കനത്ത ഇന്‍സുലേഷന്‍ ഉള്ള പ്രത്യേക ബോക്‌സുകളാണ് ഇനി മുതല്‍ തൊഴിലാളികള്‍ ഉപയോഗിക്കുക. ഇത് ടാറിന്റെ ചൂട് കൂടുതല്‍ സമയം നിലനിര്‍ത്താനും അറ്റകുറ്റപ്പണികള്‍ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കും. മുന്‍പ്, ട്രക്കുകളില്‍ ടാര്‍ കയറ്റി ദീര്‍ഘദൂരം സഞ്ചരിക്കുമ്പോള്‍ അതിന്റെ ചൂട് കുറഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഏകദേശം 8 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ ഉപകരണങ്ങള്‍ പ്രവിശ്യാ ഭരണകൂടം വാങ്ങിയത്. തൊഴിലാളികള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രത്യേക പരിശീലനം നല്‍കിയ ശേഷം യന്ത്രങ്ങള്‍ നിരത്തിലിറക്കും. പ്രവിശ്യയിലെ ഓരോ മേഖലയിലും ഈ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും, ഇതിലൂടെ ഹൈവേകളുടെയും മറ്റ് അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികളില്‍ വലിയ പുരോഗതി ദൃശ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഹൈവേകളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനായി 161 മില്യണ്‍ ഡോളറാണ് പ്രവിശ്യാ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 26 മില്യണ്‍ ഡോളര്‍ വേനല്‍ക്കാലത്തെ പ്രത്യേക റോഡ് പരിപാലനത്തിനായി മാത്രമുള്ളതാണെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!