നോവസ്‌കോഷ: നോവസ്‌കോഷ ഹെല്‍ത്തിന്റെ പുതിയ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ഡോ. നിക്കോള്‍ ബൗട്ടിലിയര്‍ ചുമതലയേറ്റു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പദവി വഹിച്ചിരുന്ന കാരെന്‍ ഓള്‍ഡ്ഫീല്‍ഡിന് പകരക്കാരിയായാണ് നിലവില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. നിക്കോള്‍ ഈ പദവിയിലെത്തുന്നത്. പ്രവിശ്യയിലെ ആരോഗ്യ മേഖലയില്‍ മുപ്പതിലധികം വര്‍ഷത്തെ വിപുലമായ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ഇവര്‍.
ഡോ. നിക്കോളിന്റെ സഹകരണാത്മകമായ നേതൃത്വപാടവവും ഒരൊറ്റ കാഴ്ചപ്പാടിലേക്ക് ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവും നോവസ്‌കോഷ ഹെല്‍ത്തിന് വലിയ മുന്നേറ്റം സമ്മാനിക്കുമെന്ന് പ്രവിശ്യയിലെ ആരോഗ്യ-ക്ഷേമ മന്ത്രി മിഷേല്‍ തോംസണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുന്‍ സിഇഒ കാരെന്‍ ഓള്‍ഡ്ഫീല്‍ഡ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. നോവ സ്‌കോഷയിലെ പിക്‌റ്റോ കൗണ്ടിയില്‍ ജനിച്ച ഡോ. നിക്കോള്‍ ബൗട്ടിലിയര്‍ കാല്‍ഗറിയിലാണ് ഫാമിലി മെഡിസിന്‍ റെസിഡന്‍സി പൂര്‍ത്തിയാക്കിയത്. ഒട്ടനവധി മെഡിക്കല്‍ നേതൃത്വ പദവികള്‍ വഹിച്ചിട്ടുള്ള അവര്‍ക്ക് മെഡിക്കല്‍ നേതൃത്വ രംഗത്തെ മികച്ച സംഭാവനകള്‍ക്കായി നല്‍കുന്ന ‘2026 ക്രിസ് കരുതേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡും’ ലഭിച്ചിട്ടുണ്ട്.

ആരോഗ്യ സംരക്ഷണം തന്റെ ജീവിതവൃതമാണെന്നും നോവ സ്‌കോഷ ഹെല്‍ത്തിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ വലിയ ബഹുമതിയായി കാണുന്നുവെന്നും ഡോ. നിക്കോള്‍ ബൗട്ടിലിയര്‍ പ്രതികരിച്ചു. പ്രവിശ്യയിലുടനീളമുള്ള തങ്ങളുടെ സമര്‍പ്പിത ടീമുകളുമായി ചേര്‍ന്ന്, നിലവിലുള്ള ശക്തമായ അടിത്തറ കൂടുതല്‍ വിപുലീകരിക്കുമെന്നും, ഗവേഷണങ്ങളിലൂടെയും നവീകരണങ്ങളിലൂടെയും നോവസ്‌കോഷയിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങളും ഗുണനിലവാരവും ലഭ്യമാക്കാന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പദവി ഒഴിഞ്ഞ മുന്‍ സിഇഒ കാരെന്‍ ഓള്‍ഡ്ഫീല്‍ഡ് പ്രവിശ്യയിലെ ആരോഗ്യ നവീകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കി പുതുതായി രൂപീകരിച്ച ‘ആക്‌സിലറേറ്റ് നോവ സ്‌കോഷ’യുടെ സിഇഒ ആയി ചുമതലയേല്‍ക്കും.
