തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിളി വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യെയാണ് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ ഭർതൃപിതാവ് വീട് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിഘ്നേശ്വരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്താണ് അകത്ത് പ്രവേശിച്ചത്. അപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.സംഭവത്തിൽ ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കുട്ടികളില്ലാത്തതിനാൽ വിഘ്നേശ്വരി ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു.നാഗർകോവിൽ സ്വദേശിനിയാണ് മരിച്ച വിഘ്നേശ്വരി. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
