ഒരേ ഡ്രസ്സിങ് റൂമിൽ വർഷങ്ങളോളം ഒരുമിച്ച് കളിച്ചു. ഒരുമിച്ച് കിരീടങ്ങൾ നേടി. പരസ്പരം ബഹുമാനിച്ചും പ്രശംസിച്ചും മുന്നേറിയ രണ്ട് ഫുട്ബോൾ ഇതിഹാസങ്ങൾ. ഇപ്പോൾ അതേ രണ്ട് പേരാണ് ടൊറന്റോയിൽ നേർക്കുനേർ എത്തുന്നത്. പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടർ പോരാട്ടം അവസാനിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയോ ലൂക്ക മോഡ്രിച്ചിന്റെയോ ലോകകപ്പ് യാത്രയ്ക്കും തിരശ്ശീല വീണിട്ടുണ്ടാകും.
ടൊറന്റോയിലെ ലോകകപ്പ് ആവേശത്തിന് വ്യാഴാഴ്ച അവസാനമാകും. എന്നാൽ ആ രാത്രി വിടപറയേണ്ടിവരുന്നത് നഗരം മാത്രമല്ല; രണ്ട് ഇതിഹാസങ്ങളിൽ ഒരാളുടെ ലോകകപ്പ് യാത്രയും അവിടെ അവസാനിക്കും.

മത്സരത്തിന് മുന്നോടിയായി നഗരം മുഴുവൻ അതിന്റെ ആവേശത്തിലാണ്. കാനഡ ദിനാഘോഷങ്ങൾക്കൊപ്പം ടൊറന്റോയിലെ തെരുവുകളിൽ ഏറ്റവും കൂടുതൽ കാണപ്പെട്ടത് റൊണാൾഡോയുടെയും മോഡ്രിച്ചിന്റെയും ജഴ്‌സികളാണ്. തങ്ങളുടെ ടീമിന്റെ ബസ് ഒരു നോക്ക് കാണാനായി പോർച്ചുഗൽ ആരാധകർ നഗരത്തിലെ പ്രധാന ഹൈവേകളിലൊന്നിൽ അൽപസമയം ഗതാഗതം വരെ തടസ്സപ്പെടുത്തിയതും ഈ മത്സരത്തെ ചുറ്റിപ്പറ്റിയ ആവേശത്തിന്റെ തെളിവായി.
മൈതാനത്ത് വ്യക്തമായ ഒരു ഫേവറിറ്റില്ല. ഇതുവരെ പോർച്ചുഗലിന്റെ പ്രകടനം സ്ഥിരത പുലർത്തിയില്ല. മറുവശത്ത്, ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ ദൗർബല്യങ്ങൾ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ ഫലം പ്രവചിക്കാൻ പ്രയാസമാണ്.
എന്നാൽ ഗാലറിയിലെ ചിത്രം മറ്റൊന്നാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പനാമക്കെതിരായ മത്സരസമയത്ത് ടൊറന്റോയുടെ പല ഭാഗങ്ങളും ചുവപ്പും വെള്ളയും നിറങ്ങളിൽ മുക്കിയ ക്രൊയേഷ്യൻ ആരാധകർ വീണ്ടും അതേ ആവേശം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ടിക്കറ്റ് ലഭിച്ചവർക്ക് ലോകകപ്പിലെ ഏറ്റവും ഓർമിക്കപ്പെടുന്ന രാത്രികളിലൊന്നിന് സാക്ഷികളാകാനുള്ള അവസരമാണിത്.
“പൊതുജനാഭിപ്രായങ്ങൾക്കുമപ്പുറത്ത് നിൽക്കുന്ന താരങ്ങളാണ് അവർ. ഇത്രയും കാലം ഈ നിലവാരത്തിൽ തുടരാൻ കഴിഞ്ഞതാണ് അവരെ വ്യത്യസ്തരാക്കുന്നത്,” പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
“40 വയസ് പിന്നിട്ട ലൂക്ക മോഡ്രിച്ച് ഇപ്പോഴും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം തന്നെ അതിശയിപ്പിക്കുന്നതാണ്. ഞങ്ങളുടെ നായകന്റെയും സ്ഥിതി അതുതന്നെ. പ്രായത്തെക്കുറിച്ച് സംസാരിക്കുന്നവരോട് പറയാനുള്ളത് ഒന്ന് മാത്രം… പ്രായം വെറും ഒരു സംഖ്യയാണ്.”
ടൊറന്റോയിൽ ഇരുവർക്കും ലഭിക്കുന്ന ആദരവിനെക്കുറിച്ച് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കോവിച്ചും സംസാരിച്ചു.
“ഫുട്ബോളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് മഹാതാരങ്ങളാണ് അവർ. എന്നാൽ ലൂക്കയ്ക്ക് തന്റെ യാത്ര തുടരാൻ കഴിയാൻ ഞാനും മുഴുവൻ ടീമും എല്ലാം നൽകും,” ലിവാക്കോവിച്ച് പറഞ്ഞു.
സെപ്റ്റംബറിൽ 41-ാം വയസിലേക്ക് കടക്കുന്ന മോഡ്രിച്ച് ദേശീയ ടീമിനൊപ്പമുള്ള കരിയറിന്റെ നിർണായക ഘട്ടത്തിലെത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഈ ലോകകപ്പാണ് തന്റെ അവസാനത്തേതെന്ന് റൊണാൾഡോ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
2012 മുതൽ 2018 വരെ റയൽ മാഡ്രിഡിൽ ഒരേ ഡ്രസ്സിങ് റൂം പങ്കിട്ട ഇരുവരും സ്പാനിഷ് തലസ്ഥാനത്ത് ഒരുമിച്ച് നിരവധി പ്രധാന കിരീടങ്ങൾ സ്വന്തമാക്കി. മോഡ്രിച്ചിന്റെ കളി കാണുന്നത് “എപ്പോഴും സന്തോഷകരമാണ്” എന്ന് റൊണാൾഡോ പറഞ്ഞിട്ടുണ്ട്. റൊണാൾഡോയെ “വലിയ മനസ്സുള്ള അത്ഭുത മനുഷ്യൻ” എന്നാണ് മോഡ്രിച്ച് വിശേഷിപ്പിച്ചത്.
ഇപ്പോൾ ആ മുൻ സഹതാരങ്ങൾ എതിർവശങ്ങളിലായി നിൽക്കുകയാണ്. വിസിൽ മുഴങ്ങുമ്പോൾ വിജയിക്കുന്ന ടീം ക്വാർട്ടറിലേക്ക് മുന്നേറും. തോൽക്കുന്ന ടീമിനൊപ്പം, ലോകകപ്പിന്റെ വേദിയിൽ രണ്ട് ഇതിഹാസങ്ങളിൽ ഒരാളുടെ ദീർഘയാത്രയും ടൊറന്റോയിൽ അവസാനിക്കും
