എറണാകുളം: നടിമാരായ ലക്ഷ്മി പ്രിയയും ശ്വേത മേനോനും എതിരായ പരാതിയിൽ നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻസിബ ഹർജി നൽകിയത്.
പാലാരിവട്ടം പൊലീസ് മുമ്പ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്നാണ് അൻസിബ ഹസൻ കോടതിയെ സമീപിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 9-ലാണ് പുതിയ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.

യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും, അശ്ലീലവും, വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതി. തനിക്കെതിരെ വ്യക്തിഹത്യ നടത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചതായും അൻസിബ ഹസൻ ആരോപിക്കുന്നു.
ശ്വേത മേനോൻ തിരുവനന്തപുരത്തെ ഒരു പി.ആർ ഏജൻസിയുമായി കരാറുണ്ടാക്കി തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടത്തിയതായി പരാതിയിൽ ആരോപണമുണ്ട്. ഇത്തരം പ്രചാരണങ്ങൾ തന്റെ വ്യക്തി അന്തസിനെയും സ്ത്രീത്വത്തെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
