Saturday, July 4, 2026

കടകള്‍ നിറയെ ബക്കാര്‍ഡിയും, കടല്‍ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം എഎ റഹീം എംപി

തിരുവനന്തപുരം: കോണ്‍ഗ്രസും അദാനി ഗ്രൂപ്പും തമ്മില്‍ രഹസ്യമായ ഡീലുകളാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. കടകള്‍ നിറയെ ബക്കാര്‍ഡിയും കടല്‍ നിറയെ അദാനിയുമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും, ഇതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിജയമന്ത്രമെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടുത്തിടെ നടത്തിയ മംഗളൂരു യാത്രയില്‍ വലിയ ദുരൂഹതയുണ്ടെന്ന് ആരോപിച്ച റഹീം, എന്തിനായിരുന്നു ആ രഹസ്യ യാത്രയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി പ്രസിഡന്റിനെ പോയി കാണുക എന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത കീഴ്വഴക്കം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ലംഘിച്ചിരിക്കുകയാണ്. അദ്ദേഹം ഡല്‍ഹിക്ക് പോകുന്നതിന് മുന്‍പ് ആദ്യം കാണാന്‍ പോയത് അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെയാണെന്ന് റഹീം ചൂണ്ടിക്കാണിച്ചു. ഈ ദുരൂഹത നിറഞ്ഞ മംഗലാപുരം യാത്രയെക്കുറിച്ച് കൃത്യമായ മറുപടി പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അദാനിയുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ പ്രസ്താവനയില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ സൂപ്പര്‍ സര്‍ക്കാര്‍ ആകാന്‍ കഴിയൂ എന്നാണ് കെ.സി. വേണുഗോപാല്‍ മുന്‍പ് പറഞ്ഞിരുന്നത്. എങ്കില്‍ പിന്നെ കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന ചോദ്യം പ്രസക്തമാണ്. അധികാരത്തില്‍ എത്തി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കേരളത്തിലെ സാധാരണ ജനങ്ങള്‍ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്ന് റഹീം പറഞ്ഞു. രാഹുല്‍ ഗാന്ധി ദേശീയതലത്തില്‍ അദാനിക്കെതിരെ വലിയ പോരാട്ടം നടത്തുന്നു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ കെ.സി. വേണുഗോപാലിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. രാഹുല്‍ ഗാന്ധിയുടെ അദാനി വിരുദ്ധ തീരുമാനങ്ങളെപ്പോലും മറികടക്കാന്‍ മാത്രം അധികാരമുള്ള ഒരു പവര്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ രൂപം കൊണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ താല്‍പര്യത്തിന് അനുസരിച്ചല്ല, മറിച്ച് ബിജെപി ആസ്ഥാനമായ മാരാര്‍ ഭവന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും റഹീം പരിഹസിച്ചു. അതോടൊപ്പം അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാമ്പത്തിക കൊള്ളയെക്കുറിച്ചും റഹീം പ്രതികരിച്ചു. നിലവില്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐക്ക് ഒട്ടും വിശ്വാസമില്ല. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രമേ അയോധ്യയിലെ കൊള്ളയുടെ യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്തുവരൂ എന്നും എ.എ. റഹീം എംപി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!