ഓട്ടവ: അടുത്ത 15 വർഷത്തിനുള്ളിൽ 10 പുതിയ ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള കാനഡയുടെ വിപുലമായ ഊർജ പദ്ധതിയിൽ പ്രധാന വെല്ലുവിളിയായി ഫണ്ട് സമാഹരണം. വലിയ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് സ്വകാര്യ നിക്ഷേപകരുടെയും പെൻഷൻ ഫണ്ടുകളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.
പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സൺ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ആണവോർജ മേഖലയിലെ തൊഴിൽ അവസരങ്ങൾ ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, നിർമ്മാണ ചെലവ് ഉയരുന്ന പശ്ചാത്തലത്തിൽ സ്ഥിരതയുള്ള ധനസഹായ മാതൃക രൂപപ്പെടുത്തുക സർക്കാരിന് നിർണായകമായി മാറിയിരിക്കുകയാണ്.
ബ്രിട്ടനിലെ സൈസ്‌വെൽ സി മാതൃകയാണ് കാനഡ പിന്തുടരാൻ സാധ്യതയുള്ളത്. ഈ മാതൃകയിൽ സ്വകാര്യ നിക്ഷേപകരാണ് പദ്ധതിയുടെ ഏകദേശം 55 ശതമാനം ചെലവും വഹിക്കുന്നത്. കെബെക്കിലെ പൊതുപെൻഷൻ ഫണ്ടായ ‘ലാ കെയ്സ്’ ഇതിനകം തന്നെ വലിയ തോതിൽ നിക്ഷേപം നടത്തി 20 ശതമാനം ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.

സർക്കാർ പരിഗണിക്കുന്ന മറ്റൊരു പ്രധാന മാർഗം ‘റെഗുലേറ്റഡ് അസറ്റ് ബേസ്’ (RAB) മോഡലാണ്. ഈ സംവിധാനത്തിൽ, ആണവ നിലയം പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉപഭോക്താക്കളിൽ നിന്ന് ചെറിയ നിരക്കിൽ ഫണ്ട് സമാഹരിച്ച് നിക്ഷേപകർക്ക് തിരിച്ചടവ് ആരംഭിക്കാം. ഇതിലൂടെ സ്വകാര്യ നിക്ഷേപകരുടെ അപകടസാധ്യതയും കുറയ്ക്കാനാകും.
എന്നാൽ, ഈ മോഡൽ നടപ്പാക്കിയാൽ നിർമ്മാണ ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഭാരം പൊതുജനങ്ങളുടെ വൈദ്യുതി ബില്ലിലേക്കും നികുതിയിലേക്കും മാറുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കാനഡയുടെ പുതിയ ആണവോർജ്ജ നയം രാജ്യത്തെ ഊർജ്ജ സുരക്ഷയും കാർബൺ ബഹിർജ്ജനം കുറയ്ക്കലും ലക്ഷ്യമിട്ട് വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 2040-ഓടെ പത്ത് പുതിയ ആണവ റിയാക്ടറുകൾ നിർമ്മിക്കാനും, യുറേനിയം കയറ്റുമതി ഇരട്ടിയാക്കാനും, ചെറുകിട മോഡുലാർ റിയാക്ടറുകൾ (SMRs) സ്ഥാപിക്കാനുമാണ് ഫെഡറൽ സർക്കാരിന്റെ പ്രധാന പദ്ധതി.
