Saturday, July 4, 2026

സിനിമ-വെബ് സീരീസ് പൈറസി; ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒടിടി കണ്ടന്റുകളുടെയും സിനിമകളുടെയും അമിതമായ പൈറസി ചൂണ്ടിക്കാട്ടി പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതിനെതിരെ വിവിധ ഒടിടി കമ്പനികളില്‍ നിന്നും സിനിമാ നിര്‍മ്മാതാക്കളില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ (I&B Ministry) ഈ അടിയന്തര നടപടി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മറുപടി നല്‍കാന്‍ ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാറ്റ്ഫോമിലെ വ്യാജ പതിപ്പുകളുടെ വ്യാപനം തടയുന്നതില്‍ അടിയന്തരവും ശക്തവുമായ നടപടി വേണമെന്നാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം. നിയമവിരുദ്ധമായി സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പങ്കുവെച്ചതായി കണ്ടെത്തിയ 3142 ടെലഗ്രാം ചാനലുകള്‍ സര്‍ക്കാര്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പകര്‍പ്പവകാശ ലംഘനം വെറുമൊരു സിവില്‍ കുറ്റം മാത്രമല്ലെന്നും, രാജ്യത്തെ നിയമപ്രകാരം അത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

മുന്‍പ് ഒടിടി കമ്പനികളോ സര്‍ക്കാരോ ആവശ്യപ്പെടുന്നതനുസരിച്ച് പൈറേറ്റഡ് ഉള്ളടക്കമുള്ള ഓരോ ലിങ്കുകളും ചാനലുകളും പ്രത്യേകം നീക്കം ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ അത്തരം ലിങ്കുകള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കില്ലെന്നും പൈറസി പൂര്‍ണ്ണമായി തടയുന്നതില്‍ പ്ലാറ്റ്ഫോമിന് തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും സര്‍ക്കാര്‍ നയപരമായ നിലപാട് വ്യക്തമാക്കി. വ്യാജ പതിപ്പുകള്‍ കണ്ടെത്താനും നീക്കം ചെയ്യാനുമായി എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുള്ളതെന്ന് ടെലഗ്രാം വ്യക്തമാക്കേണ്ടി വരും.

നിലവില്‍ തീയേറ്റര്‍ റിലീസ് സിനിമകള്‍, ഒടിടി ചിത്രങ്ങള്‍, വെബ്സീരീസുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ ടെലഗ്രാം ചാനലുകളിലൂടെയും ബോട്ടുകളിലൂടെയും വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ഇത് രാജ്യത്തെ വിനോദ വ്യവസായ മേഖലയ്ക്കും ഡിജിറ്റല്‍ സ്രഷ്ടാക്കള്‍ക്കും (Creator Economy) വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. പൈറസി തടയുന്നതില്‍ ടെലഗ്രാമിന്റെ ഭാഗത്തുനിന്നും വീഴ്ചയോ കൃത്യമല്ലാത്ത മറുപടിയോ ഉണ്ടായാല്‍ ഐടി നിയമങ്ങള്‍ക്കനുസൃതമായി ശക്തമായ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!