ജയ്പുർ: ആഗോള ഊർജ പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇന്ത്യ ഫസ്റ്റ് നയവും നയതന്ത്ര ഇടപെടലുകളും നിർണായക പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും ക്രൂഡ് ഓയിൽ വിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നെങ്കിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത ഉറപ്പാക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി വിപുലീകരിച്ചതിലൂടെ രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്താനായെന്നും പ്രധാനമന്ത്രി.

ആഗോള വിപണിയിലെ വിലവർധനയുടെ ആഘാതം സാധാരണ ജനങ്ങളിലേക്ക് പരമാവധി കുറച്ച് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചത്. പാചകവാതക വിതരണവും തടസ്സമില്ലാതെ തുടരാൻ സാധിച്ചുവെന്നും, ഉജ്ജ്വല യോജനയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കിയതായും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
രാജസ്ഥാനിൽ പുരോഗമിക്കുന്ന റിഫൈനറി പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പദ്ധതി പ്രദേശത്ത് തൊഴിൽ അവസരങ്ങൾ വർധിക്കും. കൂടാതെ, ഏകദേശം 54,000 യുവാക്കൾക്ക് സർക്കാർ നിയമന ഉത്തരവുകൾ നൽകിയതായും ജയ്പുർ മെട്രോയുടെ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കൃത്യമായ ആസൂത്രണവും നയതന്ത്ര വിജയങ്ങളുമാണ് ഊർജ മേഖലയിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
