ടെല്‍ അവീവ്: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കിടെ ഇസ്രയേല്‍ മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍. ഇത്തരം വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായി വളച്ചൊടിച്ച റിപ്പോര്‍ട്ടുകളാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രയേലിനെക്കുറിച്ചും ഇറാനിയന്‍ മധ്യസ്ഥരെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പുതിയ വാര്‍ത്ത എപ്പോഴത്തെയും പോലെ വാസ്തവവിരുദ്ധമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സാമൂഹികമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കിയത്.
യുഎസുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാനിലെ രണ്ട് മുതിര്‍ന്ന നേതാക്കളെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവരെയാണ് ഇസ്രയേല്‍ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നും യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇസ്രയേലിന്റെ ഈ നീക്കത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നത്. സമാധാനശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ ഇറാന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള വധശ്രമമുണ്ടായാല്‍ അത് നയതന്ത്ര നീക്കങ്ങളെ തകിടം മറിക്കുമെന്നും മേഖലയിലെ യുദ്ധസാഹചര്യം കൂടുതല്‍ രൂക്ഷമാക്കുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഈ നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യമിട്ടേക്കാമെന്ന കൃത്യമായ മുന്നറിയിപ്പ് മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ വഴി യുഎസ് ഇറാന് കൈമാറിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിച്ച ഇസ്രയേല്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തുവരികയായിരുന്നു.
