ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയില്‍ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടനവധി സുപ്രധാന നിയമപരിഷ്കാരങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ഔദ്യോഗികമായി നിലവില്‍ വന്നു. വാഹന ഇന്‍ഷുറന്‍സ് രീതികളിലെ അഴിച്ചുപണി, ശക്തമായ ഉപഭോക്തൃ ക്രെഡിറ്റ് സംരക്ഷണം, വിപുലീകരിച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.
വാഹന ഇന്‍ഷുറന്‍സ് ഘടനയിലാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റം പ്രവിശ്യ വരുത്തിയിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന സ്റ്റാന്‍ഡേര്‍ഡ് പാക്കേജിന് പകരം, ഡ്രൈവര്‍മാര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള പരിരക്ഷകള്‍ സ്വയം തിരഞ്ഞെടുക്കാവുന്ന ‘ഫ്ലെക്സിബിള്‍ മോഡല്‍’ സംവിധാനമാണ് ഇനി ലഭ്യമാകുക. അപകടമുണ്ടായാല്‍ ലഭിക്കുന്ന മെഡിക്കല്‍ പരിരക്ഷകള്‍ എല്ലാ പോളിസികളിലും നിര്‍ബന്ധമായി തുടരുമെങ്കിലും, വരുമാന നഷ്ട പരിഹാരം (Income Replacement) പോലുള്ള അധിക ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ പ്രത്യേകം പണം നല്കി തിരഞ്ഞെടുക്കേണ്ടി വരും. ജൂലൈ ഒന്നിന് ശേഷം പുതിയ പോളിസി എടുക്കുന്നവര്‍ക്കും, നിലവിലുള്ള പോളിസികള്‍ പുതുക്കുന്നവര്‍ക്കും ഈ പുതിയ നിയമങ്ങള്‍ ബാധകമായിരിക്കും.

ഉപഭോക്തൃ ക്രെഡിറ്റ് റിപ്പോര്‍ട്ട് സംരക്ഷണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടിംഗ് ആക്ടില്‍ പുതിയ അഞ്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒന്റാറിയോ നിവാസികള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. Equifax, TransUnion എന്നിവയില്‍ നിന്ന് ഇനി മുതല്‍ എല്ലാ മാസവും സൗജന്യമായി ഇലക്ട്രോണിക് ക്രെഡിറ്റ് റിപ്പോര്‍ട്ടും ക്രെഡിറ്റ് സ്കോറും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. കൂടാതെ, ഐഡന്റിറ്റി തട്ടിപ്പുകള്‍ തടയുന്നതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് ഫയലുകള്‍ സൗജന്യമായി ലോക്ക് ചെയ്യാനുള്ള ‘സെക്യൂരിറ്റി ഫ്രീസ്’ സൗകര്യവും, നെഗറ്റീവ് ക്രെഡിറ്റ് റെക്കോര്‍ഡുകള്‍ക്ക് പിന്നിലെ സാഹചര്യം വിശദീകരിക്കാന്‍ 100 വാക്കുകളില്‍ കവിയാത്ത കുറിപ്പ് ചേര്‍ക്കാനുള്ള അനുവാദവും പുതിയ നിയമം ഉറപ്പുനല്‍കുന്നു.
ആരോഗ്യമേഖലയിലെ ജനപ്രിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി. ഒന്‍പത് ചെറിയ അസുഖങ്ങള്‍ക്ക് കൂടി പരിശോധന നടത്താനും മരുന്നുകള്‍ കുറിച്ചു നല്‍കാനും ഫാര്‍മസിസ്റ്റുകള്‍ക്ക് ഇനി മുതല്‍ അനുമതിയുണ്ടാകും. കൂടാതെ വന്‍കുടലിലെ കാന്‍സര്‍ പരിശോധനയ്ക്കുള്ള പ്രായപരിധി 50-ല്‍ നിന്നും 45 ആയി കുറച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഎച്ച്ഐപി (OHIP) വഴി സൗജന്യ പരിശോധനയ്ക്ക് വഴിതെളിഞ്ഞു.

ഭവന നിര്‍മ്മാണ മേഖലയില്‍ ലാന്‍ഡ്ലോര്‍ഡ് ആന്‍ഡ് ടെനന്റ് ബോര്‍ഡിന്റെ (LTB) പുനഃപരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും, കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റിന്റെ ഒറ്റത്തവണ പേയ്മെന്റ് പരിധി 500 ഡോളറായി ഉയര്‍ത്തിയതും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ലൈസന്‍സ്, റോഡ് ടെസ്റ്റ് എന്നിവയുടെ വാര്‍ഷിക ഫീസ് വര്‍ദ്ധനവ് സര്‍ക്കാര്‍ പൂര്‍ണ്ണമായി റദ്ദാക്കിയിട്ടുണ്ട്. അതോടൊപ്പം ലഹരി ഉപയോഗത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളും, പൊതുഗതാഗത സംവിധാനങ്ങളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നല്കി. വിവിധ നഗരങ്ങളിലെ പ്രാദേശിക വാടക നിരക്കുകളിലും ബസ് ചാര്‍ജ് നിരക്കുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പുതിയ മാറ്റങ്ങളെല്ലാം നിലവില്‍ വന്ന പശ്ചാത്തലത്തില്‍, ഒന്റാറിയോ നിവാസികള്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികളും ക്രെഡിറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
