ഒന്റാരിയോ: ഒന്റാരിയോ പ്രവിശ്യയിലെ പ്രധാന നഗരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒപ്പിയോയ്ഡ് അമിത അളവില്‍ ഉള്ളില്‍ച്ചെന്ന് പാരാമെഡിക്കല്‍ വിഭാഗത്തിന്റെ അടിയന്തര സഹായം തേടിയുള്ള ഫോണ്‍ കോളുകളുടെ എണ്ണത്തില്‍ വന്‍ വര്ധന്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ (ജനുവരി മുതല്‍ മേയ് വരെ) ഒപ്പിയോയ്ഡ് അടിയന്തര കോളുകള്‍ ഒന്റാരിയോയിലെ നാല് പ്രമുഖ നഗരങ്ങളില്‍ കുത്തനെ ഉയര്‍ന്നതായി സി.ബി.സി (CBC) നടത്തിയ പുതിയ ഡാറ്റാ വിശകലനത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒന്റാരിയോയിലെ ഹാമില്ട്ടണ് നഗരത്തില്‍ മാത്രം 199 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മറ്റു നഗരങ്ങളായ തണ്ടര്‍ ബേയില്‍ 20 ശതമാനവും, ടൊറന്റോയില്‍ 115 ശതമാനവും വര്‍ധനയുണ്ടായി. ഓട്ടവ പാരാമെഡിക് സര്‍വീസില്‍ ലഹരിമരുന്ന് ഇതര സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ആകെ ഓവര്‍ഡോസ് കോളുകളില്‍ 52 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പെട്ടെന്നുള്ള വര്‍ധനക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ലഹരിമരുന്ന് വിപണിയിലെ മാരകമായ വിഷാംശവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവിശ്യയില്‍ കെയര്‍ സെന്ററുകളായ ‘സൂപ്പര്‍വൈസ്ഡ് കണ്‍സംപ്ഷന്‍ സൈറ്റുകള്‍’ (SCS) നിര്‍ത്തലാക്കിയതുമാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു.

ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ആരോഗ്യവിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി ലഹരിമരുന്ന് ഉപയോഗിക്കാനും അമിതോപയോഗം മൂലമുള്ള മരണം തടയാനും സഹായിക്കുന്ന 17 കേന്ദ്രങ്ങളാണ് ഒന്റാരിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്കൂളുകള്‍ക്കും ഡേകെയറുകള്‍ക്കും സമീപമുള്ള കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള 2024ലെ നിയമത്തെത്തുടര്‍ന്ന് പത്ത് കേന്ദ്രങ്ങള്‍ മുന്‍പ് പൂട്ടിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ബാക്കി കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ടിങ്ങും പ്രവിശ്യാ സര്‍ക്കാര്‍ നിര്‍ത്തലാക്കി.
മൃഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ‘മെഡെറ്റോമിഡിന്‍’ (Medetomidine) പോലുള്ള അതീവ മാരകമായ ട്രാന്‍ക്വിലൈസറുകള്‍ നിലവില്‍ വിപണിയിലെ ലഹരിമരുന്നുകളില്‍ കലര്‍ത്തുന്നതിനാല്‍ മരണസാധ്യത വളരെ കൂടുതലാണ്. സുരക്ഷിത കേന്ദ്രങ്ങള്‍ ഇല്ലാതായതോടെ ജനങ്ങള്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും, അപകടമുണ്ടായാല്‍ ആരെങ്കിലും കണ്ട് രക്ഷിക്കട്ടെ എന്നുകരുതിയാണ് ഇവര്‍ പൊതുസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍, പരാജയപ്പെട്ട ഈ കേന്ദ്രങ്ങള്‍ക്ക് പകരം ലഹരിമുക്തി ലക്ഷ്യമിട്ടുള്ള ‘ഹോംലെസ്സ് ആന്‍ഡ് അഡിക്ഷന് റിക്കവറി ട്രീറ്റ്മെന്റ്’ (HART) ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഒന്റാരിയോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി 560 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, ഈ പുതിയ ഹബ്ബുകള്‍ നിലവില്‍ വന്നതിന് ശേഷം പ്രവിശ്യയിലെ ഒപ്പിയോയ്ഡ് മരണങ്ങളില്‍ 41 ശതമാനത്തിന്റെ കുറവുണ്ടായതായി ചീഫ് കോറോണറുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. എങ്കിലും, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനൊപ്പം തന്നെ അവരുടെ ജീവന് നിലനിര്‍ത്താന്‍ ഹാം റിഡക്ഷന്‍ (Harm reduction) സംവിധാനങ്ങളും അനിവാര്യമാണെന്ന് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ഗില്ലിയന്‍ കൊള്ള ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
