ഡൽഹി: ജമ്മു-കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായ ലഷ്കറെ ത്വയ്ബയുടെ തലവൻ ഹാഫിസ് സയീദിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഹാഫിസ് സയീദിന് നിർണായക പങ്കുണ്ടെന്നതിന് ശാസ്ത്രീയ പരിശോധനകളിലൂടെയും സംഭവസ്ഥലത്തെ അന്വേഷണത്തിലൂടെയും ശേഖരിച്ച തെളിവുകൾ ലഭിച്ചതായി എൻഐഎ അറിയിച്ചു. ഇന്ത്യയ്ക്കെതിരെ അതിർത്തിക്കപ്പുറത്ത് നിന്ന് ഗൂഢാലോചന ആസൂത്രണം ചെയ്തതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

പാകിസ്താന്റെ പങ്ക്, ലഷ്കറെ ത്വയ്ബയുടെയും ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും പങ്കാളിത്തം, അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ എന്നിവ കുറ്റപത്രത്തിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് എൻഐഎയുടെ വിശദീകരണം.
ഇതിന് മുമ്പ് കേസിൽ 1,597 പേജുള്ള വിശദമായ കുറ്റപത്രം എൻഐഎ സമർപ്പിച്ചിരുന്നു. അതിർത്തി കടന്നുള്ള ഗൂഢാലോചനയുടെ പശ്ചാത്തലവും ഭീകരസംഘടനകളുടെ പ്രവർത്തനരീതിയും അതിൽ വിശദീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആയിരത്തിലധികം സാക്ഷികളെ ചോദ്യം ചെയ്തതായും ഏജൻസി അറിയിച്ചു.
2025 ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂർ” എന്ന സൈനിക നടപടി ആരംഭിച്ച് പാകിസ്താനിലെയും പാകിസ്താൻ അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു.
