മൺട്രിയോൾ: കാനഡയിലെ മൺട്രിയോളിന് സമീപമുള്ള റെപെന്റിഗ്നി (Repentigny) നഗരത്തിൽ സിഎൻ റെയിലിന്റെ (CN Rail) ചരക്ക് ട്രെയിൻ പാളം തെറ്റി. ഏകദേശം 45 ഓളം ട്രെയിൻ ബോഗികളാണ് പാളം തെറ്റിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ആളപായമോ തീപിടുത്തമോ അപകടകാരിയായ വസ്തുക്കളുടെ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.ട്രെയിനിൽ ഡീസൽ കൊണ്ടുപോയ ചില ബോഗികൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ഇന്ധനം ഉണ്ടായിരുന്നില്ല.
മൺട്രിയോളിന് വടക്കുകിഴക്കുള്ള റെപെന്റിഗ്നിയിലെ ലെ ഗാർഡിയർ (Le Gardeur) മേഖലയിൽ, ലെ ബോർഗ്-ന്യൂഫ് ബുൾവാർഡ്, എമിൽ-ജെനസ്റ്റ് സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന കവലയിലാണ് അപകടം നടന്നത്. കാനഡ ഗതാഗത സുരക്ഷാ ബോർഡിന്റെയും (TSB) സിഎൻ റെയിലിന്റെയും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളങ്ങൾ മുറിച്ചുമാറ്റുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് ട്രെയിൻ തട്ടി സമീപത്തെ വൈദ്യുതി ലൈനുകൾ തകർന്നതിനെ തുടർന്ന് ആയിരത്തിലധികം ഹൈഡ്രോ-കെബെക്ക് (Hydro-Québec) ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

മുൻകരുതൽ നടപടിയുടെ ഭാഗമായി അപകട മേഖലയിൽ നിന്നും ഒഴിപ്പിച്ച പ്രദേശവാസികൾക്ക് വീടുകളിലേക്ക് മടങ്ങാമെന്നും പ്രദേശം പൂർണമായും സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട റോഡുകൾ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തശേഷം മാത്രമേ തുറക്കുകയുള്ളൂ. ഗതാഗതത്തിനായി ബദൽ മാർഗങ്ങളും ഒരുക്കിയിട്ടുണ്ട്.അടുത്ത ഏതാനും ദിവസങ്ങൾ കൂടിയും പ്രദേശത്ത് ഗതാഗത തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കെബെക്ക് പരിസ്ഥിതി മന്ത്രി പാസ്‌കൽ ഡെറിയും പൊതുസുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയറും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു.
