ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം. ഒമാന്‍ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ഇറാന് സൈന്യമാണ് കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്ന് അമേരിക്ക ആരോപിച്ചു. ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും, എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും (UKMTO) അമേരിക്കന്‍ അധികൃതരും വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ ഇറാന് നേരെ അമേരിക്ക പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ശവസംസ്കാര ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മഷ്ഹദിലാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുക. ഇതിനുശേഷം ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഖമനയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടെഹ്റാനില്‍ ഒത്തുകൂടിയത്. ഗ്രാന്‍ഡ് മൊസല്ല മതസമുച്ചയത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്നു. ഇറാനിയന്‍ പതാകകള്‍ക്കും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികള്ക്കുമൊപ്പമാണ് ജനങ്ങള്‍ വിലാപയാത്രയില്‍ പങ്കെടുത്തത്. ഇറാനിയന്‍ ജനതയും അവരുടെ ഐക്യദാര്‍ഢ്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്ന് ഖമനയി പഠിപ്പിച്ചതായി പ്രസിഡന്റ് മസൂദ് പെസഷ്കിയാന് എക്സില്‍ കുറിച്ചു. വിപുലമായ സംസ്കാര ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ ഇന്ന് ടെഹ്റാനിലെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
