മസ്കറ്റ്: സൈബർ അധിക്ഷേപം, വ്യാജവാർത്ത പ്രചാരണം, ഹാക്കിങ് തുടങ്ങിയ നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെയും നിയമപരമായും ഉപയോഗിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.മറ്റുള്ളവരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഓൺലൈൻ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഓൺലൈനിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുക, വ്യക്തിഹത്യ നടത്തുക, കിംവദന്തികളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുക, ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതിനുപുറമെ, അനുമതിയില്ലാതെ മറ്റുള്ളവരുടെ ഡിജിറ്റൽ അക്കൗണ്ടുകളിലേക്കോ സിസ്റ്റങ്ങളിലേക്കോ പ്രവേശിക്കുന്ന ഹാക്കിങ് ശ്രമങ്ങളും ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് ഓർമിപ്പിച്ചു. സമൂഹത്തിലെ ഡിജിറ്റൽ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി സൈബർ നിയമങ്ങൾ പാലിക്കണമെന്നും ഓൺലൈൻ ഇടപെടലുകളിൽ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
