ടൊറന്റോ: കഴിഞ്ഞ ആഴ്ച ടൊറന്റോയെ ബാധിച്ച രൂക്ഷമായ ഉഷ്ണതരംഗത്തിനിടെ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 39 പേർ ആശുപത്രികളുടെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയതായി ടൊറന്റോ പബ്ലിക് ഹെൽത്ത്.ജൂൺ 30 മുതൽ ജൂലൈ 4 വരെ എൻവയോൺമെന്റ് കാനഡ ഓറഞ്ച് ലെവൽ ഹീറ്റ് അലേർട്ട് പ്രഖ്യാപിച്ചിരുന്ന കാലയളവിലാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായിരുന്ന ജൂലൈ 2ന് മാത്രം 15 പേരാണ് ചൂട് മൂലമുള്ള അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയത്.
ഈ കാലയളവിൽ ടൊറന്റോയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസായിരുന്നു. ഈർപ്പത്തിന്റെ തോത് കണക്കാക്കുന്ന ഹ്യൂമിഡെക്സ് 48 വരെ ഉയർന്നതായും അധികൃതർ അറിയിച്ചു.2025 ജൂണിൽ മൂന്ന് ദിവസത്തെ ഉഷ്ണതരംഗത്തിനിടെ 42 പേർ സമാനമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രികളിൽ എത്തിയിരുന്നുവെന്നും, ഇത്തവണത്തെ ഹീറ്റ് അലേർട്ട് അഞ്ച് ദിവസം നീണ്ടുനിന്നതായും ടൊറന്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി.

അതേസമയം, കടുത്ത ചൂട് ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ വഷളാക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഇക്കുറി നഗരത്തിൽ കൂടുതൽ തണൽ കേന്ദ്രങ്ങളും കൂളിംഗ് സൗകര്യങ്ങളും ഒരുക്കിയതും കാനഡ ഡേ അവധി കാരണം നഗരത്തിലെ ജനസാന്ദ്രതയിൽ ഉണ്ടായ വ്യത്യാസവും കണക്കുകളെ സ്വാധീനിച്ചിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
കടുത്ത ചൂട് കാരണം കഴിഞ്ഞ വ്യാഴാഴ്ച ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്ക്വയറിൽ നടത്താനിരുന്ന ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനവും റദ്ദാക്കിയിരുന്നു. ഫിഫ ഫാൻ ഫെസ്റ്റിവലിലും ടൊറന്റോ സ്റ്റേഡിയത്തിലും അധിക ശീതീകരണ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.
