Tuesday, July 7, 2026

വയനാട്ടിൽ കനത്ത മഴയും മണ്ണിടിച്ചിലും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: അതിതീവ്ര മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ മേഘ ശ്രീയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ശക്തമാക്കി. രണ്ട് എൻഡിആർഎഫ് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തുമെന്നും രാത്രി വൈകിയും തിരച്ചിൽ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണെന്നാണ് വിവരം. വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം എടുത്ത മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റ ഒമ്പത് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ആറുപേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മുഴുവൻ പ്രദേശത്തെയും മണ്ണ് നീക്കി വിശദമായി പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ രാത്രി മുതൽ വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള മേഖലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!