Wednesday, July 8, 2026

ബാങ്ക് ഓഫ് കാനഡയ്ക്ക് തിരിച്ചടി; സമരകാലയളവില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് ലേബര്‍ ബോര്‍ഡ്

ഓട്ടവ: സെന്‍ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് കാനഡയില്‍ സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന സമരത്തിനിടെ, താല്‍ക്കാലിക തൊഴിലാളികളെ (Replacement Workers) ജോലിക്കെടുക്കുന്നത് അടിയന്തരമായി നിര്‍ത്താന്‍ കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡ് (CIRB) ഉത്തരവിട്ടു. സമരം അട്ടിമറിക്കാന്‍ ബാങ്ക് അധികൃതര്‍ കരാര്‍ തൊഴിലാളികളെ നിയമിച്ചതിനെതിരെ പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡ (PSAC) നല്‍കിയ പരാതിയിലാണ് ഈ നിര്‍ണായക ഉത്തരവ്. കാനഡയിലെ പുതിയ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ് ബാങ്ക് നടത്തിയതെന്നും ബോര്‍ഡ് വ്യക്തമാക്കി.

ശമ്പളവര്‍ധനവും കൃത്യമായ തൊഴില്‍ സമയവും ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ മുതല്‍ 63 സുരക്ഷാ ജീവനക്കാരാണ് ഇവിടെ സമരം ചെയ്യുന്നത്. പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയുടെ (PSAC) നേതൃത്വത്തില്‍ ഓട്ടവ, മണ്‍ട്രിയോള്‍ ഓഫീസുകളിലെ സുരക്ഷാ ജീവനക്കാരാണ് സമരരംഗത്തുള്ളത്. മണ്‍ട്രിയോളിലെ തൊഴിലാളികളെ ബാങ്ക് മാനേജ്മെന്റ് ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

സമരകാലയളവില്‍ ബാങ്ക് അധികൃതര്‍ ജീവനക്കാരെ വ്യക്തിപരമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും സുരക്ഷയ്ക്കായി മൂന്നാം കക്ഷി കരാറുകാരെ കൊണ്ടുവരാന്‍ പദ്ധതിയിട്ടതായും യൂണിയന്‍ ലേബര്‍ ബോര്‍ഡിന് മുന്നില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.

നിയമപരമായ പണിമുടക്ക് നടക്കുന്ന സമയത്ത് ഫെഡറല്‍ ഭരണത്തിന് കീഴിലുള്ള തൊഴിലിടങ്ങളില്‍ താല്ക്കാലിക പകരം തൊഴിലാളികളെ നിയമിക്കുന്നത് നിരോധിച്ചുകൊണ്ട് 2024-ല്‍ കാനഡ പുതിയ നിയമം പാസാക്കിയിരുന്നു. ഈ നിയമം കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ലേബര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ജീവനക്കാരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ആവശ്യമായ മറ്റ് നടപടികള്‍ സജ്ജമാക്കിയ ഉടന്‍ തന്നെ ഈ ഉത്തരവ് നടപ്പിലാക്കുമെന്നും ബാങ്ക് ഓഫ് കാനഡ പ്രസ്താവനയിലൂടെ അറിയിച്ചു.

ലേബര്‍ ബോര്‍ഡിന്റെ ഈ വിധി തങ്ങള്‍ക്കും കാനഡയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ലഭിച്ച വന്‍ വിജയമാണെന്ന് പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്‌സ് സിലാസ് പറഞ്ഞു. മാനേജ്‌മെന്റ് തങ്ങളുടെ കടുംപിടുത്തങ്ങള്‍ ഒഴിവാക്കി ന്യായമായ വ്യവസ്ഥകളോടെ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!